ന്യൂദല്‍ഹി: രാജ്യം ചരിത്രത്തെ സ്വന്തം ഭാഷയില്‍ ആവിഷ്‌കരിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത്. ചാണക്യപുരി പിവിആറില്‍ ബോളിവുഡ് ചലച്ചിത്രം സമ്രാട്ട് പൃത്ഥ്വിരാജ് കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പൃത്ഥ്വിരാജ് ചൗഹാന്റെയും മുഹമ്മദ് ഗോറിയുടെയും ഏറ്റുമുട്ടലിന്റെ ചരിത്രം ഇതാദ്യമായാണ് ഇന്ത്യന്‍ ഭാഷയില്‍, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ പുറത്തുവരുന്നത്. ഈ ചരിത്രം നമ്മള്‍ മുമ്പും വായിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അവരുടെ കാഴ്ചപ്പാടില്‍ എഴുതിയതായിരുന്നു. നാമിപ്പോള്‍ ചരിത്രത്തെ നമ്മുടെ കണ്ണുകൊണ്ട് കാണുകയാണ്’, അദ്ദേഹം പറഞ്ഞു. ലോക ക്ലാസിക്കാണ് ‘സമ്രാട്ട് പൃത്ഥ്വിരാജ്’ എന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, ഡോ.മന്‍മോഹന്‍ വൈദ്യ, അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി, പ്രചാര്‍പ്രമുഖ് സുനില്‍ അംബേക്കര്‍, സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്ര താക്കൂര്‍, ചിത്രത്തില്‍ പൃത്ഥ്വിരാജ് ആയി വേഷമിട്ട ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ എന്നിവരും സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനെത്തിയിരുന്നു.
Discussion about this post