അഹമ്മദാബാദ്: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കരുതലായി ഗുജറാത്ത് സര്‍ക്കാരിന്റെ മുഖ്യമന്ത്രി മാതൃശക്തിയോജന. പദ്ധതി 18ന് വഡോദരയില്‍ നടക്കുന്ന ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിക്കും. ഇതുള്‍പ്പെടെ 21000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം നാടിന് സമര്‍പ്പിക്കും.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ നവജാത ശിശുവിനോടൊപ്പം 1,000 ദിവസത്തേക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനുവേണ്ടിയാണ് മാതൃശക്തി യോജന നടപ്പാക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ വനവാസി താലൂക്കുകളിലും ‘പോഷന്‍ സുധ യോജന’ ആരംഭിക്കും. ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവും വിളര്‍ച്ചയും പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഗര്‍ഭധാരണ ദിവസം മുതല്‍ 270 ദിവസം വരെയും തുടര്‍ന്ന് രണ്ട് വര്‍ഷവും അടക്കമുള്ള ആയിരം ദിവസം അമ്മയ്ക്കും കുഞ്ഞിനും ഏറെ നിര്‍ണായകമാണെന്നത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘പോഷണ്‍ അഭിയാന്‍’ പദ്ധതിയോട് ചേര്‍ന്ന് മാതൃശക്തി യോജന നടപ്പാക്കുന്നത്.
ഈ വര്‍ഷം ഗര്‍ഭിണിയായോ രണ്ട് വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയായോ ആരോഗ്യ വകുപ്പിന്റെ സോഫ്റ്റ്വെയറില്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും രണ്ട് കിലോ ചെറുപയര്‍, ഒരു കിലോ തുവരപ്പരിപ്പ്, ഒരു ലിറ്റര്‍ കടല, എണ്ണ എന്നിവ അങ്കണവാടികളില്‍ നിന്ന് എല്ലാ മാസവും ലഭിക്കും. ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം 811 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം 4,000 കോടി രൂപ വകയിരുത്തും.
വനവാസി മേഖലകളില്‍ ദഹോദ്, വല്‍സാദ്, മഹിസാഗര്‍, ഛോട്ടാ ഉദേപൂര്‍, നര്‍മദ എന്നീ അഞ്ച് ജില്ലകളിലെ പത്ത് താലൂക്കുകളില്‍ ഗുജറാത്ത് സര്‍ക്കാര്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ‘പോഷന്‍ സുധ യോജന’ നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതി 106 താലൂക്കുകള്‍ അടങ്ങുന്ന 14 വനവാസി ജില്ലകളിലേക്കും വ്യാപിപ്പിക്കും.
Discussion about this post