തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍. ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.
ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചെയറിലേക്ക് ആനയിച്ചു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള നേതാവാണ് ഷംസീറെന്നും അദ്ദേഹത്തിന് ലഭിച്ച പുതിയ ചുമതലയില്‍ അഭിനന്ദനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയറിലേക്കുള്ള പടികളേക്കാള്‍ ചരിത്രത്തിലേക്കുള്ള പടികളാണ് ഷംസീര്‍ നടന്നു കയറിയതെന്നും വി.ഡി.സതീശന്‍ അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post