കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായും കെഎസ്ആര്‍ടിസി അപേക്ഷ നല്‍കി.
ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസിക്കു നേരെ സംസ്ഥാനത് വ്യാപകമായി ആക്രമണങ്ങളുണ്ടായത്. 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ 3 കോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് തന്നെ ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാ ചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്‍റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ 17-ന് മുമ്പായി സമര്‍പ്പിക്കാനും കോടതി ഉത്തരവിൽ പറയുന്നു.
Discussion about this post