തിരുവനന്തപുരം: അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. കേരള സമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാള ലോകത്തിന്‍റെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനോ പൊലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്‌നത്തിന്‍റെ കാതലിനെ നേരിടാനാവൂയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎ ബേബിയുടെ പ്രതികരണം.
പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്. വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നുവെന്ന് എംഎ ബേബി വ്യക്തമാക്കി.
ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ പത്മയെയും റോസ്ലിയെയും നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇലന്തൂരിലെത്തിച്ച് ഭഗവൽ സിംഗും ലൈലയും ഷാഫിയും ചേർന്ന് ആഭിചാര കൊല നടത്തുകയായിരുന്നു.
Discussion about this post