കൊല്ലം: കേരളീയ യുവത്വത്തെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കുന്ന പുത്തന്‍ പ്രവണതകളും സാഹചര്യങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവും, നടനുമായ വിവേക് ഗോപന്‍. യുവവാഹിനി ജില്ലാ കമ്മിറ്റി കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യത്തിലും മയക്കുമരുന്നിലും സുഖം കണ്ടെത്തി അതിന്റെ പിന്നാലെ പായുന്ന യുവതലമുറയ്ക്ക് ദിശയും ദൗത്യവും കാണിച്ചു കൊടുത്ത് നേര്‍വഴിക്കു നയിക്കാന്‍ ഭരണ കര്‍ത്താക്കളും, സംഘടനകളും ശ്രമിക്കുന്നില്ലെന്നും വിവേക് ഗോപന്‍ പറഞ്ഞു. മയക്കുമരുന്നിനോടുള്ള ആസക്തി വര്‍ധിക്കുകയാണെന്നും ഇത് ആരോഗ്യപ്രശ്‌നം മാത്രമല്ല, ഒരുകൂട്ടം സാമൂഹ്യപ്രശ്‌നങ്ങളിലേക്കുള്ള അതിവേഗ പാത കൂടിയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു പറഞ്ഞു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി. ജയകൃഷ്ണന്‍ ക്ലാസെടുത്തു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ 100 പൊതു കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലും, ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും ലഘുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചു. യുവ വാഹിനി ജില്ലാ സംയോജകന്‍ ജയന്‍ പട്ടത്താനം അധ്യക്ഷനായി.
ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് അഡ്വ. സുധീര്‍, സഹസംയോജിക അഡ്വ. ദിത്യ ജോളി കുറ്റിശ്ശേരി, കോര്‍പ്പറേഷന്‍ സംയോജകന്‍ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post