കൊച്ചി: 2047ഓടെ മെട്രോയും ബസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനത്തിന്‍റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കൊച്ചിയില്‍ ഇന്ന് ആരംഭിച്ച 15ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ (യുഎംഐ) സമ്മേളനംഎക്‌സ്‌പോ 2022 എന്നിവയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മാറി പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കാനുള്ള മാനസികമായ ഒരു മാറ്റം ജനങ്ങളിലുണ്ടാക്കാന്‍ നമുക്ക് കഴിയണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ സാധ്യതകളും ഉപയോഗിച്ച് ഒരു സമാന്തര ഇന്ധന സംവിധാനം സൃഷ്ട്ടിക്കുന്നതിനായുള്ള സര്‍ക്കാര്‍ സംരംഭങ്ങളെ കുറിച്ഛ് ഊന്നിപ്പറഞ്ഞ മന്ത്രി, സോളാര്‍ പാനലുകളുടെ യൂണിറ്റിന്‍റെ വില കുറയ്ക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ചൂണ്ടിക്കാട്ടി.
പഞ്ചസാരയ്ക്ക് പുറമെ കാര്‍ഷികാവശിഷ്ടങ്ങള്‍, വൈക്കോല്‍, മുള എന്നിവയില്‍ നിന്ന് എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയിലുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ നല്ല രീതിയില്‍ മുന്നേറുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post