പത്തനംതിട്ട: എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി അയച്ചു കൊടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾക്ക് ചോർത്തി നൽകിയതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. ജില്ലാ കളക്ടറുടെ 18.11. 2022 ലെ Dc PTA / 21/ 2022 – S5 എൽ ഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി ഉദ്യോഗാർത്ഥികൾക്ക് അയച്ചു കൊടുക്കുന്നതിന് മുൻപ് തന്നെ നിയമ വിരുദ്ധമായി ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും രഹസ്യമായി ചോർത്തി നൽകുകയായിരുന്നു.
നിയമന ഉത്തരവിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗാർത്ഥികളെ അടൂർ താലൂക്ക് ഓഫീസിൽ നിയമിച്ചതായും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എൻജിഒ സംഘ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവരെ നിയമിച്ചുവെന്നാണ് എൻജിഒ സംഘ് ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്‍റെ വിശ്വാസ്യത തകർത്ത കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പത്തനംതിട്ട കളക്ട്രേറ്റിൽ പ്രതിഷേധ ധർണ നടത്തിയ എൻജിഒ സംഘ് പ്രവർത്തകർ ജില്ലാ കളക്ടറെ നേരിട്ട് കണ്ട് വീഴ്ചയുടെ ഗൗരവം ബോധിപ്പിച്ചു. എൻ.ജി ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി അനീഷ്, ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ നേതൃത്വം നൽകി
Discussion about this post