തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് അക്രമികള്‍ക്കും സംസ്ഥാന സര്‍ക്കാരിനുമുള്ള താക്കീതായി. മാര്‍ച്ചില്‍ ബഹുജന പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മുക്കോലയില്‍ നിന്ന് ആരംഭിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റാലി മുല്ലൂരില്‍ ബാരിക്കേഡുയര്‍ത്തി പോലീസ് തടഞ്ഞു. വിഴിഞ്ഞം കലാപത്തിനു പിന്നില്‍ വിദേശ ചാരന്മാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. തുറമുഖ നിര്‍മാണം അട്ടിമറിക്കാനാണ് ദുബായ് ഷേഖ് പ്രത്യേക ദൂതന്‍ വഴി സമരനേതാക്കള്‍ക്ക് പണം എത്തിച്ചത്. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള ദുബായ് യാത്ര സംശയാസ്പദമാണ്. മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വച്ചോ എന്നും സംശയിക്കണം, ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍ പറഞ്ഞു.
ജില്ലാ കളക്ടറെ തത്സ്ഥാനത്തുനിന്ന് മാറ്റണം. തുറമുഖത്തിലേക്ക് നിര്‍മാണസാമഗ്രികളുമായി വന്ന വാഹനങ്ങള്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞിട്ട് അക്രമികള്‍ക്ക് ആളെക്കൂട്ടാന്‍ സാഹചര്യമൊരുക്കിയ വിഴിഞ്ഞം സിഐയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. അമ്പതിലധികം പോലീസുകാര്‍ ക്രൂര ആക്രമണത്തിനു വിധേയമായിട്ടും അവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തി അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാത്ത ജില്ലയിലെ ഉന്നത പോലീസ് അധികാരികളെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
ഒരുകൂട്ടം മതഭ്രാന്തന്മാരുടെ ഭ്രാന്തിന് മുന്നില്‍ തുറമുഖ നിര്‍മാണം തടസപ്പെടുത്താന്‍ പറ്റില്ല. ആയ് രാജവംശ കാലം മുതല്‍ നിലനിന്നിരുന്നതാണ് വിഴിഞ്ഞം തുറമുഖം. അന്നൊന്നും പരിസ്ഥിതിക്ക് ഒരു കോട്ടവും വന്നിട്ടില്ല. 1991 ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോഴും 2015ല്‍ ധാരണാപത്രം ഒപ്പിട്ടപ്പോഴും ഉണ്ടാകാത്ത കലാപം നിര്‍മാണം പൂര്‍ത്തിയാകുന്ന സമയത്തുണ്ടാകുന്നതിനു പിന്നില്‍ ചില വിദേശരാജ്യങ്ങളുടെ ചാരന്മാരുടെ ഇടപെടലാണ്. ഇന്ത്യയിലെ ഒരേ ഒരു മദര്‍പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ദുബായ്‌യിയുടേയും ചൈനയുടേയും താത്പര്യമാണ് മദര്‍പോര്‍ട്ട് ഇന്ത്യയില്‍ വരരുതെന്നത്. പള്ളിമണി അടിച്ച് ആളെക്കൂട്ടാന്‍ മാത്രമല്ല അവര്‍ ദൂതന്മാര്‍ വഴി പണമെത്തിക്കുന്നത്. മതേതരത്വം പറയുന്ന കേരളത്തില്‍ തുറമുഖത്തിന് മതമുണ്ടോ എന്നും പള്ളിമണി അടിച്ച് ആളെക്കൂട്ടുന്ന മത മുഷ്‌ക് ഇനി അനുവദിക്കാനാകില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
തുറമുഖത്തിനു വേണ്ടി വസ്തുവും തൊഴിലും നഷ്ടമായ മുല്ലൂരിലെ ജനങ്ങളെ ലത്തീന്‍ കത്തോലിക്കാ പാതിരിമാരുടെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നിരവധി വീടുകളില്‍ അക്രമമുണ്ടായി. ഗര്‍ഭിണികളെപ്പോലും അക്രമിച്ചു. സ്ഥലം എംഎല്‍എയോ മന്ത്രിമാരോ അവരുടെ വേദന കാണാനെത്തിയില്ല. ഫോണില്‍പ്പോലും അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ ഹിന്ദുഐക്യവേദി മുല്ലൂര്‍ നിവാസികളോടൊപ്പം തുറമുഖ നിര്‍മാണം പൂര്‍ത്തിയായി പ്രശ്‌നങ്ങള്‍ അവസാനിക്കുംവരെ കൂടെയുണ്ടാകുമെന്ന് ഈ മണ്ഡലകാലത്ത് ഉറപ്പു നല്‍കുകയാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
Discussion about this post