കോഴിക്കോട്: കലോത്സവ നാടകത്തിലൂടെ മത സാമൂഹ്യ വിദ്വേഷ പ്രചാരണം നടത്താന്‍ കൊച്ചു കുട്ടികളെ ഉപയോഗിച്ച് സിപിഎം നിയന്ത്രിക്കുന്ന മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. കോഴിക്കോട് ജില്ല സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടകമത്സരത്തില്‍ ഇവര്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ‘ബൗണ്ടറി’ എന്ന നാടകമാണ് ദേശവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദമായത്. നാടകത്തില്‍ പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നത് തെറ്റല്ലെന്ന പരാമര്‍ശമാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായത്.
ബൗണ്ടറി എന്ന നാടകത്തിലെ ഒരു കഥാപാത്രം ചോദിക്കുന്നത്, ‘ബ്രസീലിനും അര്‍ജന്റീനക്കുമൊക്കെ വേണ്ടി കൈയടിക്കാന്‍ പറ്റുമെങ്കില്‍ പാക്കിസ്ഥാന് എന്തുകൊണ്ട് കൈയടിച്ചുകൂടാ?’ എന്നാണ്. ഈ ചോദ്യത്തിന് കുട്ടിയുടെ ഉമ്മ നല്‍കുന്ന മറുപടി ‘പാക്കിസ്ഥാന് കൈയടിക്കാന്‍ പറ്റുന്ന ചിന്തകള്‍ വരുന്ന രീതിയില്‍ നമ്മുടെ നാട് വളര്‍ന്നിട്ടില്ല’ എന്നാണ്.
മേമുണ്ട സ്‌കൂള്‍ നാല് വര്‍ഷം മുമ്പ്, 2018ലെ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ നാടകവും വിവാദമായിരുന്നു. കിത്താബ് എന്ന പേരിലുള്ള ആ നാടകത്തില്‍ ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങളുണ്ടായി എന്ന ആരോപണമാണ് വിവാദമുയരാനും ഒടുവില്‍ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞ് ആ നാടകം ഒഴിവാക്കുകയായിരുന്നു.
രണ്ട് നാടകങ്ങളും എഴുതി സംവിധാനം ചെയ്തതും കുട്ടികളെ പരിശീലിപ്പിച്ചതും റഫീഖ് മംഗലശ്ശേരി എന്ന നാടക പ്രവര്‍ത്തകനാണ്. അതിവൈകാരികതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹത്തില്‍ വിവാദമുയര്‍ത്തി ശ്രദ്ധനേടുക എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ കലോത്സവത്തെയും ഉപയോഗപ്പെടുത്തുകയാണ് ഈ സംവിധായകന്റെയും സിപിഎം നേതൃത്വത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെ ലക്ഷ്യമെന്നാണ് ഈ രണ്ട് നാടകങ്ങളും വ്യക്തമാക്കുന്നതെന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്.
ഉണ്ണി.ആറിന്‍റെ ‘വാങ്ക്’ എന്ന ചെറുകഥയെ ആധാരമാക്കിയുള്ളതാണ് കിത്താബെന്നായിരുന്നു കഴിഞ്ഞ തവണ റഫീഖ് പറഞ്ഞ വാദം. സ്ത്രീകള്‍ പള്ളികളില്‍ വാങ്ക് വിളിച്ചാല്‍ എന്താണ് തെറ്റെന്നും പുരുഷന്മാര്‍ക്ക് സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് ഹൂറന്‍മാര്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്, പുരുഷന്മാരുടെ പകുതി ബുദ്ധിയേ സ്ത്രീകള്‍ക്കുള്ളു എങ്കില്‍ പുരുഷന്മാരുടെ പകുതി വസ്ത്രം സ്ത്രീകള്‍ ധരിച്ചാല്‍ പോരേ തുടങ്ങിയ ചോദ്യങ്ങളാണ് വിവാദമായത്. ഈ നാടകത്തിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ അന്ന് പ്രതിഷേധിച്ചിരുന്നു. നാടകം സംസ്ഥാനതല മത്സരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു.
‘കിത്താബി’ന്‍റെ പേരില്‍ മുസ്ലിം സമുദായത്തോട് മാപ്പ് പറയുകയും നാടകം പിന്‍വലിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് ദേശദ്രോഹ പരാമര്‍ശം നടത്തിയതിന് ബൗണ്ടറിയുടെ പേരില്‍ ഇനിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Discussion about this post