തൃശ്ശൂര്‍: അവഗണനയില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോസഫ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് പറഞ്ഞു. സാഹിത്യോത്സവത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ജോസഫ് ഫേയ്സ്ബുക്കില്‍ കുറിച്ചു. ‘കേരള സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനം രാജിവെച്ച വിവരം അറിയിച്ചുകൊള്ളുന്നു’ എന്നാണ് ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ജോസഫ് ഫേയ്സ്ബുക്കില്‍ എഴുതിയിരുന്നു. പലരും ചോദിക്കുന്നു എന്താണ് ഫെസ്റ്റിവലിന് പോകാത്തതെന്ന്. അടുത്തായിരുന്നെങ്കില്‍ പോകാമായിരുന്നു. ആദ്യകാലത്തേ എന്നെ വിളിച്ചിട്ടുള്ളു. അപ്പോള്‍ ഞാന്‍ പൈസ ചോദിച്ചു. 1000 രൂപ രവി സാര്‍ തന്നു. രണ്ടാമത് കിര്‍ത്താഡ്സ് വക 3000 രൂപ തന്നു. മൂന്നാമത് 3000 രൂപയ്ക്ക് ഒപ്പിട്ടു കൊടുത്തു. കിട്ടിയതായിട്ട് അറിവില്ല. മൂന്നു തവണയായി വിളിക്കാതായിട്ട്. എല്ലാത്തവണയും വിളിക്കണമെന്നില്ല. പക്ഷേ ഇത്തവണ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. വയനാടന്‍ ഫെസ്റ്റിവലിന് വിളിച്ചില്ല. പയ്യന്നൂര്‍ ഫെസ്റ്റിവലിന് പേരുവച്ചതായി എവിടെയോ കണ്ടു. വിളിച്ചില്ല. നിയമസഭയിലെ പരിപാടിക്ക് ഒരാള്‍ എറണാകുളത്തു വന്ന് ബൈറ്റ് എടുക്കുമെന്ന് പറഞ്ഞു, കണ്ടില്ല. ഏതായാലും ഇനി ഇല്ല. അതുകൊണ്ടാണ് ഈ കുറിപ്പ്. എല്ലാറ്റില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഇത്രേയുള്ളു കവിതയും സാഹിത്യവും കേരളത്തില്‍. മണിപ്രവാളത്തില്‍ സാഹിത്യം എഴുതുന്നവര്‍ക്കാണ് പ്രസക്തി. രാവിലെ പറഞ്ഞ പോലെ മേല്‍ജാതി എഴുത്തുകാര്‍ക്ക്. മലയാള ഭാഷയില്‍ മാറ്റം വരുത്തിയ ഒരു കൊച്ചു കവിയാണ് ഞാന്‍. ഞാന്‍ മാറ്റം വരുത്തിയ ഭാഷയില്‍ കവിത എഴുതുന്നവര്‍ക്കൊക്കെ പ്രമോഷന് ഉണ്ട്. വിത്തുപറിച്ചു മാറ്റിയ തള്ളവാഴ ഇല്ലാതാകുന്നതുപോലെ ഞാന്‍ ഇല്ലാതാകുന്നു. സ്നേഹാദരങ്ങളോടെ എസ്. ജോസഫ്’, എന്നാണ് ജോസഫിന്റെ പോസ്റ്റ്.
Discussion about this post