കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.
അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്. തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം.
Discussion about this post