ചേർത്തല : ദീർഘനാളത്തെ വൈദേശിക ഭരണത്തിന്റെ അടിമത്വത്തിൽ ആണ്ടുപോയ ഭാരതീയർ ആത്മാഭിമാനത്തോടു കൂടി ഉയർന്നു വരുന്ന സമകാലീന ഭാരതമാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാസമ്മേളനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു.
ഭയാനകമായ വെല്ലുവിളികളെ ധീരോദാത്തം നേരിട്ട സംഭവങ്ങൾ നമുക്ക് നേരിട്ട് അറിയാൻ എഴു വർഷ കാലമായി നമുക്ക് സാധിക്കുന്നു. പാക്കിസ്ഥാന്‍റെയും ചൈനയുടെയും ഭീഷണികൾക്ക് ഇന്ത്യ ഇന്ന് തക്കതിരിച്ചടി കൊടുക്കുന്നു. രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായിരുന്ന ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കി. കോറോണക്കാലത്ത് ലോക രാജ്യങ്ങൾക്ക് മാതൃകയായി ഭാരതത്തിന്‍റെ കർമ്മ പദ്ധതി.
പല രാജ്യങ്ങളും കൂപ്പുകുത്തിയപ്പോൾ ഭാരതം അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. റോഡ്, റയിൽ ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചു. വിദ്യാഭ്യാരംഗത്തെ ഭാരതവൽക്കരണം , ആത്മ നിർഭർഭാരത്, സ്വച്ഛ്ഭാരത് , ആയുഷ് പദ്ധതി, സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന പ്രത്യേക പോഷകാഹാര പദ്ധതി അങ്ങനെ നിരവധി പദ്ധതികളിലൂടെ രാജ്യത്ത് ജനജീവിത നിലവാരവും ആരോഗ്യവും പരിരക്ഷിച്ചു. സൈനിക മേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തും വൻ കുതിപ്പാണ്. മേയ്ക്ക് ഇന്ത്യാ പദ്ധതിയിലൂടെ ഗ്രാമങ്ങളിൽപ്പോലും അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ നിരവധി യന്ത്രങ്ങൾ സ്വന്തമായി നിർമ്മിക്കുന്നു.
ജി 20 ഉച്ചകോടി ജമ്മു കാശ്മീരിൽ വച്ച് നടത്തുന്നവിധം ഭാരതം സുരക്ഷിതമായി. രാഷ്ട്രനായകൻ മുന്നോട്ട് വച്ച പഞ്ച പ്രാൺ ഭാരതത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും ആർ.സഞ്ജയൻ പറഞ്ഞു.
ജില്ലാ കാര്യാദ്ധ്യക്ഷൻ അഡ്വ. റ്റി ജെ തുളസീ കൃഷ്ണൻ ഉദ്ഘാടനസഭയിൽ അദ്ധ്യക്ഷനായി. മലയാള സാഹിത്യവും ദേശീയതയും എന്ന വിഷയത്തിൽ സംസ്ഥാന സമിതി അംഗം സി കെ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഓട്ടൻ തുള്ളൽ കലാകാരൻ മരുത്തോർവട്ടം കണ്ണനെ വേദിയിൽ ആദരിച്ചു.
സംഘടനാ സഭയിൽ ജില്ലാ കാര്യദർശി വി.വിനു കുമാർ വാർഷികറിപ്പോർട്ടവതരിപ്പിച്ചു. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മേഖലാ സംഘടനാ സെക്രട്ടറി പി എസ് സുരേഷ് നിർവ്വഹിച്ചു.
സമാപന സഭയിൽ ഡോ.ആർ രാജലക്ഷ്മി അദ്ധ്യക്ഷയായി. സംസ്ഥാന സമിതി അംഗം ജെ മഹാദേവൻ സമാപന സന്ദേശം നൽകി. ഡോ. ജഗന്നാഥ്, സുഭാഷ് ബാബു, ബാലഗോപാല ഷേണായ്, ജെറിൻ ടോം, രാജൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Discussion about this post