തിരുവനന്തപുരം : കേരള ജനത കാത്തിരിക്കുന്ന വന്ദേഭാരത് ട്രെയിനിന്‍റെ ഫ്‌ളാഗ്ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10.30നാണ് ഫ്‌ളാഗ് ഓഫ്. ഇതോടൊപ്പം 3200 കോടിയുടെ മറ്റുവികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ്. 10.50 വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തും. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നപരിപാടിയില്‍ കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച പാലക്കാട്- പളനി- ഡിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 12.40-ന് സൂറത്തിലേക്കു പുറപ്പെടും.
കനത്ത സുരക്ഷയാണ് തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2000 പോലീസുകാരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലുള്ള സുരക്ഷ പ്രധാനമായും കേരള പോലീസ് കൈകാര്യംചെയ്യും. റെയില്‍വേ സ്റ്റേഷനിലെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും വേദികളുടെ സുരക്ഷാ മേല്‍നോട്ടം എസ്പിജിക്കും എന്‍എസ്ജിക്കുമായിരിക്കും.
വന്ദേഭാരതിന്‍റെ കന്നിയാത്രയില്‍ മുഴുവന്‍ സമയവും 1000 യാത്രക്കാരുണ്ടാകും. ഇത് കൂടാതെ 200 മാധ്യമ പ്രവര്‍ത്തകരും 100 റെയില്‍ ഫാന്‍സുകാരും, 25 ഉദ്യോഗസ്ഥരും 25 റെയില്‍വേ പോലീസും യാത്രയ്ക്കുണ്ടാകും. പ്രധാനമന്ത്രിയുടെ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കില്ല. തമ്പാനൂരില്‍ നിന്നുള്ള ബസ് സര്‍വീസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും. ചൊവ്വാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്കു പോകുന്നതിനും ടിക്കറ്റ് വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും.
Discussion about this post