പരപ്പ: ഗോത്രസാരഥിയും ഗോത്രവാഹി പദ്ധതിക്ക് പകരം ഇനി വിദ്യാവാഹിനി. പദ്ധതി നിര്‍വ്വഹണം വൈകിയേക്കും. പട്ടിക വര്‍ഗവിഭാഗം കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികളായ ഗോത്രസാരഥിയും ഗോത്രവാഹിനിയുമാണ് ഇല്ലാതായത്. ഇതിന് പകരമായിട്ടാണ് പട്ടികവര്‍ഗ വികസനവകുപ്പ് നേരിട്ട് നടപ്പാക്കുന്നത് വിദ്യാവാഹിനി പദ്ധതി നടപ്പിലാക്കുന്നത്. ഹയര്‍ സെക്കന്‍ഡറിയിലും ഹൈസ്‌കൂളുകളിലുമായി 14 സ്‌കൂളുകളിലായിരുന്നു ഗോത്രവാഹിനി. ഇതില്‍ 10 സ്‌കൂളുകള്‍ വെള്ളരിക്കുണ്ട് താലൂക്കില്‍. പട്ടികവര്‍ഗ സങ്കേതങ്ങളുള്ള പഞ്ചായത്തുകളിലെ എല്‍പി സ്‌കൂളുകളിലായിരുന്നു ഗോത്രസാരഥി. സ്‌കൂളിലെത്താന്‍ തീര്‍ത്തും പ്രയാസപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതി സൂക്ഷ്മതയില്ലാതെ നടപ്പാക്കിയതോടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചത്. മുന്‍വര്‍ഷം ജില്ലാ പഞ്ചായത്തിന് രണ്ടേകാല്‍ കോടിയോളം മാറ്റിവെക്കേണ്ടി വന്നു. പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ട മറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ തുകയില്ലാതെ വന്നു. പട്ടികവര്‍ഗ ഉപ പദ്ധതിയിലായിരുന്നു രണ്ട് പദ്ധതികളും. നടത്തിപ്പിലെ വീഴ്ച വന്‍ സാമ്പത്തിക ബാധ്യത വരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
സാമ്പത്തിക വിനിയോഗത്തിലും അര്‍ഹരായവരെ തെരഞ്ഞടുക്കുന്നതിലും ചില സ്‌കൂളുകളില്‍ വീഴ്ചവന്നതായി കണ്ടെത്തിയിരുന്നു. വനാതിര്‍ത്തിയിലോ വനത്തിനുള്ളിലോ താമസിക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളെ ഏറ്റവും അടുത്തുള്ള സ്‌കൂളിലെത്തിക്കുയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍സാധ്യത എന്നനിലയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ തന്നെ പദ്ധതിക്കായി ഉപയോഗിക്കണം. ലഭ്യമല്ലെങ്കില്‍ അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് വാഹനങ്ങള്‍ കണ്ടെത്താം. വാഹന വാടക, മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. സ്‌കൂള്‍ബസില്‍ വരുന്ന കുട്ടികള്‍ക്ക് യാത്രച്ചെലവ് നല്‍കും. പദ്ധതിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണമേര്‍പ്പെടുത്തണം. സ്‌കൂള്‍തല കമ്മറ്റികള്‍ കര്‍ശനമായി മേല്‍നോട്ടം വഹിക്കണം. സ്‌കൂളുകളില്‍ പദ്ധതി നടത്തിപ്പിനുള്ള കമ്മറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. റൂട്ടുകളുടെ എണ്ണവും വാടകസംബന്ധിച്ചും ജില്ലാ പട്ടികവര്‍ഗ ഓഫീസറാണ് അവസാന തീരുമാനമെടുക്കുക.
Discussion about this post