തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗവൺമെൻറ് വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യോഗാദിന പരിപാടികൾ സംഘടിപ്പിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിഐബി, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ. വി. പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ജോയിൻ ഡയറക്ടർ ശ്രീമതി വി.പാർവതി ഐഐഎസ് ആമുഖപ്രസംഗം നടത്തി. “കൗമാരക്കാർക്ക് യോഗയിലൂടെ ആരോഗ്യം ” എന്ന വിഷയത്തിൽ കാട്ടാക്കട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡോക്ടർ ജി. പി. സിദ്ധിയും “യോഗയിലൂടെ മനുഷ്യരാശിയുടെ വീണ്ടെടുപ്പ് ” എന്ന വിഷയത്തിൽ ഡോക്ടർ സജ്നാ ഡേവിഡും ക്ലാസുകൾ എടുത്തു.
ഡോക്ടർ അൻപുറാണി യോഗ ഡെമോ സെഷന് നേതൃത്വം നൽകി. ലൈവ് യോഗ സെഷനിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സെൻട്രൽ ബ്യൂറോ കമ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫീസർ ശ്രീമതി ജൂണി ജേക്കബ്, പ്രധാന അധ്യാപികമാരായ ശ്രീമതി പി.എസ്. പ്രിയ, ശ്രീമതി സീമ സേവ്യർ, പ്രധാന അധ്യാപകൻ ശ്രീ. എസ്.ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.
യോഗാമത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗ ദിനം ആസ്പദമാക്കി പാവ നാടകവും അരങ്ങേറി.
വസുധൈവ കുടുംബകത്തിന് യോഗ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം.
Discussion about this post