തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു.
എഴുപത്തിയഞ്ചാം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി ജനനം. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്.
1943-ൽ ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചതോടെയാണ് സ്വാതന്ത്ര്യത്തിൻ്റെയും പുസ്തകങ്ങളുടെയും ലോകത്തേയ്ക്ക് എത്തിയത്. യോഗക്ഷേമസഭയുടെയും അന്തര്‍ജന സമാജത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും കഴിഞ്ഞു. സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വളരെ ശക്തമായി തന്നെ അവർ പടവെട്ടിയിരുന്നു. ആര്യ അന്തര്‍ജനം, പാര്‍വതി നിലയങ്ങോട്, പാര്‍വതി നെന്മിനിമംഗലം തുടങ്ങിയവരോടൊത്ത് ഇടപഴകാന്‍ കഴിഞ്ഞത് ലോകത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അറിയാനും ദേവകി നിലയങ്ങോടിനെ പ്രേരിപ്പിച്ചു.
സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചത് മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രനെയാണ്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
Discussion about this post