കോട്ടയം: സംസ്‌കാരത്തെക്കുറിച്ചുള്ള പ്രമേയങ്ങള്‍ ചലച്ചിത്രമാക്കുന്നതിന്‍റെ പേരില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നുവെന്ന് സംവിധായകന്‍ ജയരാജ്.സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി സിനിമാമേഖലയിലുള്ളവര്‍ കാണുന്ന പ്രവണത കൂടിവരുന്നു. എന്നാല്‍ താന്‍ അറിഞ്ഞ സംസ്‌കാരത്തെ ഉള്‍ക്കൊണ്ട് മാത്രമേ തനിക്ക് സിനിമ എടുക്കാനാവൂ. ആര് വിമര്‍ശിച്ചാലും അത്തരം സിനിമകള്‍ മാത്രമേ എടുക്കൂ. ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരമാണ്. ആ സംസ്‌കാരത്തെ നിലനിര്‍ത്തുന്നതിന്, പരിപോഷിപ്പിക്കുന്നതിന് വരുംതലമുറയെ സജ്ജരാക്കുന്ന പ്രവര്‍ത്തനം ബാലഗോകുലം ഇനിയും തുടരണം.
മുതിര്‍ന്നവരായ നാം കുട്ടികളെ കണ്ട് പഠിക്കേണ്ടതുണ്ട്. ഏതവസ്ഥയിലും സന്തോഷംതുളുമ്പുന്ന കുഞ്ഞുങ്ങള്‍. മനസ്സില്ലാത്ത അവസ്ഥയാണ് അവരുടേത്. ഉത്സകണ്ഠകളും ആകുലതകളുമില്ലാതെ ഇന്നില്‍മാത്രം ജീവിക്കുന്ന അവസ്ഥ. ഒരു കുഞ്ഞിനെ സംരക്ഷിക്കുക എന്നാല്‍ ഒരു സംസ്‌കാരം സംരക്ഷിക്കുക എന്നാണ് അര്‍ത്ഥം. ഇന്ന് ലോകം ചാറ്റ് ജി.പി.റ്റി.യുടെ പിറകേയാണ്. ഏതൊരു കാര്യത്തിനും ചാറ്റ് ജി.പി.റ്റി.യുടെ പക്കല്‍ മറുപടിയുണ്ടെന്നാണ് പറയപ്പെടുന്നത്. എനിക്ക് പറയുവാനുള്ളത് അതിലേറെ നമ്മുടെ ഭാഗവതത്തിലും മഹാഭാരതത്തിലും ഉണ്ടെന്നാണ്. അവയുടെ പഠനത്തില്‍ ഏതൊന്നിനേക്കാളും സാധ്യതകളുണ്ട്.
ഭാഷയാണ് എല്ലാം. ഭാഷ ഇല്ലെങ്കില്‍ ഓരോരുത്തരും അന്യരാണ്. ഭാഷയുടെ സംരക്ഷണം പ്രധാനമാണ്. അതുപോലെ തന്നെയാണ് ഭാരതത്തിന്റെ യോഗയും. ഭാഷയും, യോഗയും പോലെ മൂല്യവത്തായ വിഷയങ്ങള്‍ ഗോകുലങ്ങളിലൂടെ പഠിപ്പിക്കപ്പെടണം. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഒരു പ്രക്രിയയാണ് കുട്ടികളെ ഉത്തമരായി വളര്‍ത്തിയെടുക്കുക എന്നത്. അതില്‍ ലോകത്തിന് മാതൃകയായി ബാലഗോകുലത്തെ ഇനിയും വളര്‍ത്തിയെടുക്കേണ്ടതാണെന്ന് ജയരാജ് പറഞ്ഞു.
കപട ബുദ്ധിജീവികളാണ് ജയരാജിന്റേത് പോലുള്ള മഹത്തായ ചലച്ചിത്ര സൃഷ്ടികളെ വിമര്‍ശിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗദ്ധന്‍ എസ്. ആദികേശവന്‍ പറഞ്ഞു. അത്തരക്കാരുടെ കൂത്തരങ്ങാണ് ഇപ്പോള്‍ കേരളം. പൈതൃകത്തിലധിഷ്ഠിതമായ പുരോഗമനം കാംക്ഷിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇവിടെ ഉണ്ട്. ബാലഗോകുലം പോലുള്ള സംഘനകളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ മാറ്റം വെളിവായിത്തുടങ്ങിയിരിക്കുന്നു. ഇനിയുള്ള കാലഘട്ടത്തില്‍ സാംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സൃഷ്ടികള്‍ ഇവിടെ ആദരിക്കപ്പെടുക തന്നെ ചെയ്യും.
ശ്രീകൃഷ്ണനും ശ്രീരാമനുമില്ലാതെ ഭാരതത്തിന്റെ ദേശീയതാ സങ്കല്പം പൂര്‍ണ്ണമാവുകയില്ല. കൃഷ്ണന് ഒരു പ്രണാമം ചെയ്താല്‍ 10 അശ്വമേധത്തിന് തുല്യമാണ്, ഭഗവാന്‍ ശ്രീകൃഷ്ണനെ ആദര്‍ശപുരുഷനായി കണ്ടുകൊണ്ടുള്ള ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. 1700 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം ഭാരതത്തെ വീണ്ടും ഉറ്റുനോക്കുകയാണ്. ഇന്ന് ഭാരതം അതിന്റെ പുനരുത്ഥാന ഘട്ടത്തിലാണ്. സാമ്പത്തിക രംഗം ജനകീയവും സുസജ്ജവുമായിരിക്കുന്നു. സാമ്പത്തിക ശക്തിയോടൊപ്പം നമ്മുടെ പാരമ്പര്യത്തെ സംബന്ധിച്ച വികാരം കൂടിയുണ്ടായാലേ വികാസം കൈവരൂ. ഭാരതത്തിന്റെ പൈതൃകത്തിലൂന്നിക്കൊണ്ട് വളരാന്‍, പുരോഗതി കൈവരിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്നതിന് ബാലഗോകുലത്തിന് സാധിക്കണം. ആദികേശവന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യ പ്രഭാഷണം നടത്തി. പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ബി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post