കോഴിക്കോട്: രാവണായനത്തിനുവേണ്ടിയുള്ള എത്ര പരിശ്രമങ്ങള്‍ ഉണ്ടായാലും ആദികവിയുടെ രാമായണമാണ് ഭാരതത്തില്‍ നിലനില്‍ക്കുകയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീതയെ സ്പര്‍ശിക്കാത്ത രാവണന്‍ മാതൃകാപുരുഷനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കാമചിന്തയോടെ മറ്റൊരു സ്ത്രീയെ സ്പര്‍ശിച്ചാല്‍ ശിരസ്സ് പൊട്ടിച്ചിതറുമെന്ന ശാപമുള്ളതിനാലാണ് ജീവിതത്തിലുടനീളം അധര്‍മ്മം കാണിച്ച രാവണന്‍ സീതയെ സ്പര്‍ശിക്കാന്‍ ധൈര്യം കാണിക്കാതിരുന്നത്. രാമായണം കാലത്തെ അതിജീവിക്കുന്ന കാവ്യമാണ്. ഭാരതത്തിന്റെ സാഹിത്യ, സംഗീത, ചിത്ര, ശില്‍പ്പ രംഗങ്ങളിലെല്ലാം രാമായണം സ്വാധീനം ചെലുത്തി. രാമായണ ഇതിവൃത്തത്തെ മാറ്റിയാല്‍ ദക്ഷിണേന്ത്യന്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകള്‍ ഏറെയുണ്ടാകില്ല. സാഹിത്യത്തിന്റെ പ്രധാന ലക്ഷണം സഹഭാവം ജനിപ്പിക്കുകയെന്നതാണ്.
ലക്ഷണയുക്തമായ സാഹിത്യം ഇങ്ങനെ നിലനില്‍ക്കുന്നു. ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. നിരൂപകന്‍ കെ.ജി. രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. ജന്മഭൂമി എം.ഡി. എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.ആര്‍. മധു, എം. ബാലകൃഷ്ണന്‍, കെ.പി വിനോദ് എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ മറുമൊഴി നല്‍കി. ടി.പി. തുളസി ലക്ഷ്മണന്റെ രാമായണ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ജന്മഭൂമി ബുക്‌സാണ് പ്രസാധകര്‍.
Discussion about this post