കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുണ്ടെന്ന ഞെട്ടിക്കുന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചു. ഐഎസിന്റെ കേരള മൊഡ്യൂള്‍ എന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനം. സത്യമംഗലം വനത്തില്‍ നിന്നു പിടികൂടിയ തൃശ്ശൂര്‍ മതിലകം സ്വദേശി ആഷിഫിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്.
ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.
ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരേ പകരംവീട്ടാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ശ്രീലങ്കന്‍ മോഡല്‍ ആക്രമണങ്ങള്‍ക്കാണ് തയാറെടുത്തത്.മലയാളി ഐഎസ് ഭീകരവാദക്കേസില്‍ രണ്ടാം പ്രതിയായ നബീലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരച്ചില്‍ വ്യാപകമാക്കി. വനാന്തരങ്ങളിലടക്കം പരിശോധിക്കുന്നുണ്ട്. നബീലും അറസ്റ്റിലായ ആഷിഫും തമ്മില്‍ രഹസ്യസന്ദേശങ്ങള്‍ കൈമാറിയെന്ന് അറിയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തില്‍ നിന്നു റിക്രൂട്ട്‌മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കുകയായിരുന്നു നബീലിന്റെ ചുമതല.
ഇതിനാവശ്യമായ പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാള്‍ വന്‍കൊള്ളകള്‍ ആസൂത്രണം ചെയ്തിരുന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനങ്ങള്‍ക്കു സമാനമായ ആക്രമണങ്ങളാണ് ഇരുവരും ചേര്‍ന്ന് ഇവിടെ ലക്ഷ്യമിട്ടത്. പ്രമുഖ വ്യക്തികളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
ആഷിഫില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ലാബില്‍ പൂര്‍ത്തിയായ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ സമയോചിത ഇടപെടലില്‍ തകര്‍ന്നത്
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎയുടെ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. കേരളത്തിനു സമാനമായി തമിഴ്‌നാട്ടിലും ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എന്‍ഐഎ മനസ്സിലാക്കിയിട്ടുണ്ട്.
Discussion about this post