മഞ്ചേരി: മലയാള കവി എന്നോ ദേശീയ കവി എന്നോ മാത്രം ഒതുക്കി നിർത്തേണ്ട കവിയല്ല കുമാരനാശാനെന്നും, വിശ്വമഹാകവി എന്ന തരത്തിൽ ശ്രദ്ധയാകർഷിക്കപ്പെടേണ്ട കവിയാണ് എന്നും പ്രശസ്ത സാഹിത്യ നിരൂപകൻ ആഷാമേനോൻ പറഞ്ഞു. സനാതന ധർമ്മത്തിന്റെ മർമ്മം തന്റെ ശിഷ്യനിൽ പകർന്നു നൽകാൻ തക്ക അർഹതയുള്ള ആത്മീയാചാര്യനായ ശ്രീനാരായണനെ ഗുരുവായി ലഭിച്ചതാണ് ആശാന്റെ ഭാഗ്യം. കുമാരനാശാൻ്റെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആശാൻ സ്മൃതി സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആശാൻ കവിതകളിലെ വിഷാദാത്മകത ഒരു വിഷാദരോഗിയുടേതായി ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല. ആർക്കു മുന്നിലും തലകുനിക്കാതെ തന്റെ അഭിപ്രായം തുറന്നു പറയുന്ന തന്റേടിയായിരുന്നു അദ്ദേഹമെന്നും ആഷാ മേനോൻ പറഞ്ഞു.
ഭാരത ദേശീയത, ആർഷഭാരത ദാർശനികത, സനാതന ആശയ സ്വാധീനം, ഉൽക്കടമായ സ്വാതന്ത്ര്യ ഇച്ഛ എന്നിവ കുമാരനാശാൻ്റെ കത്തുകളിലും പ്രഭാഷണങ്ങളിലും ജീവിതത്തിലും തെളിഞ്ഞും, കവിതകളിൽ ഒളിഞ്ഞും ദൃശ്യമാണെന്ന് അഡ്വ.ശങ്കു.ടി.ദാസ് പറഞ്ഞു. ഹിന്ദുത്വ ദർശനങ്ങളുടെ ഉപാംശം മാത്രമായാണ് കുമാരനാശാൻ ബുദ്ധമത ആശയങ്ങളെ കണ്ടത്. ദുരവസ്ഥ എന്ന കൃതി ഒരു മതത്തിനും എതിരല്ലെന്നും, അത് അന്നത്തെ സാമൂഹ്യ അവസ്ഥയുടെ യഥാർത്ഥമായ ചിത്രീകരണം മാത്രമാണെന്നും ആശാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭാവനം ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുള്ള പൂർണസ്വാതന്ത്ര്യം എന്ന ആശയം ആശാൻ മുന്നോട്ടുവച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി
ശ്രീധരൻ പുതുമന ഉൽഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഡോ.എം.പി.രവിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.കൃഷ്ണാനന്ദൻ സ്വാഗതവും യൂണിറ്റ് പ്രസിഡൻ്റ് അഡ്വ കെ.ആർ.അനൂപ് നന്ദിയും പറഞ്ഞു.
Discussion about this post