പൊൻകുന്നം : പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് പ്രൗഡഗംഭീരമായ പരിപാടികളോടെ വെള്ളിയാഴ്ച തുടക്കമാവും . വൈകിട്ട് ആറുമാനിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് സ്വാമിജിക്ക് പൊൻകുന്നം കെ എസ് ആർ റ്റി സി ജംഗ്ഷനിൽ സ്വീകരണം നൽകും, തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശ സന്നിധിയിലേക്ക് ശോഭയാത്ര നടക്കും. സംപൂജ്യരായ സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥ പാദർ, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രഥമ ഗണേശസേവാ പുരസ്‌കാരം പ്രശസ്ത നാരായണീയ ഉപാസക നാരായണീയ കോകിലം റ്റി എൻ സരസ്വതിയമ്മക്ക് സമ്മേളനത്തിൽ വെച്ചു സമ്മാനിക്കും. തുടർന്ന് വൈക്കം ശിവശക്തി ഭജൻസിന്റെ ഹൃദയജപലഹരി അരങ്ങേറും.
രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ആറിന് നഗര സങ്കീർത്തനം, 8-30 മുതൽ പുരാണപാരായണം. വൈകിട്ട് 4.30 ന് പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന് ദീപാരാധന എന്നിവ നടക്കും.
തുടർന്ന് ബിജെപി നേതാവും പ്രശസ്ത സൈദ്ധാന്തികനുമായ അഡ്വ. ശങ്കു റ്റി ദാസിന്റെ പ്രഭാഷണം നടക്കും.
മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് സാമൂഹിക മഹാ ഗണപതിഹോമം നടക്കും. തുടർന്ന് 6.30 ന് നഗരസങ്കീർത്തനം, 8 മണിക്ക് പുരാണപാരായണം 9. 30 ന് പൊൻകുന്നം സത്യസായി സേവാ സമതി അവതരിപ്പിക്കുന്നഭജൻസ്, 11മണിക്ക് മഞ്ഞപ്പള്ളിക്കുന്ന് മഹാദേവ ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം തുടങ്ങിയ പരിപാടികൾ ഉണ്ടാവും. ഉച്ചക്ക് 12 മണിക്ക് പ്രസാദമൂട്ട്.
ഉച്ചക്ക് ശേഷം 2 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈന്ദവ ധർമ്മ പ്രചാരകനായ ശ്രീ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും. തുടർന്ന് 4 മണിക്ക് വിഗ്രഹനിമജ്ജന ഘോഷയാത്ര ആരംഭിക്കും. കെ വി എം എസ് റോഡുവഴി മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ശ്രീഭദ്രാ തീർത്ഥത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് സമാപനമാകും.
Discussion about this post