പത്തനംതിട്ട: കയറി കിടക്കാനൊരിടമോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്തവർ ഇന്നുമുണ്ട് എന്നത് വിസ്മരിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. നമ്പർ വൺ കേരളം എന്ന പ്രസംഗത്തിലും പ്രഭാഷണത്തിലും മാത്രം ഒതുക്കി നിൽക്കുന്നവർ മലയോര മേഖലയുടെ പാവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനംതിട്ടയുടെ മലയോര, ഗ്രാമ പ്രദേശങ്ങളിൽ ഭൂമിയും വീടുമില്ലാത്താവർ അനവധിയാണ്. അത്തരക്കാർക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് സേവാഭാരതി.
പത്തനംതിട്ടയിലെ സീതത്തോടുക്കാർക്കാണ് പൊന്നോണ സമ്മാനമായി ചിങ്ങപ്പുലരിയിൽ സേവാഭാരതി ഭൂമിദാനം ചെയ്ത് നൽകിയത്. 35 കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനായി അഞ്ച് സെന്റ് ഭൂമി വീതം സൗജന്യമായി സേവാഭാരതി നൽകി. തലചായ്‌ക്കാനൊരിടം എന്ന പേരിൽ സേവാഭാരതി നടത്തിവരുന്ന പാർപ്പിടനിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭൂദാനം നടന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 420 അപേക്ഷ വന്നതിൽ നിന്നും തിരഞ്ഞെടുത്ത 35 കുടുംബങ്ങൾക്കാണ് സേവാഭാരതി സൗജന്യമായി ഭൂമി നൽകിയത്. സ്വന്തമായി നേടിയ ഭൂമി 35 ഭൂരഹിതർക്ക് പതിച്ചുകൊടുത്ത് ഭൂദാന പ്രസ്ഥാനത്തിന് പ്രചോദനമായി മാറിയിരിക്കുകയാണ് സീതത്തോട്ടിലെ കെ.കെ പ്രസാദ് എന്ന തമ്പിച്ചേട്ടൻ. സീതത്തോട് എസ്എൻഡിപി ഹാളിൽ ദേശീയ സേവാഭാരതി സംഘടിപ്പിച്ച ചടങ്ങിൽവെച്ച് 35 കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ രേഖകൾ ഉൾപ്പെടെ വിതരണം ചെയ്തു.
സേവാഭാരതി സീതത്തോട് യൂണിറ്റ് പ്രസിഡന്റ് കെ സജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇപി കൃഷ്ണൻ നമ്പൂതിരിയാണ് ഭൂമിദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇത്തരത്തിൽ ബൃഹത്തായ കാരുണ്യ പ്രവർത്തനം സാധ്യമാക്കാൻ ഭൂമി നൽകിയ കെകെ പ്രസാദിനെ ആദരിക്കുകയും ചെയ്തു. മുൻ മിസോറാം ഗവർണറും ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും കണ്ട് മനസിലാക്കി പരിഹാരത്തിന് സ്വയം സമർപ്പിതനാവുന്ന വിശാലഹൃദയമുള്ള ജീവകാരുണികനാണ് തമ്പിച്ചേട്ടൻ എന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
Discussion about this post