തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 31 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് വിവിധ സഹകരണ ബാങ്കുകളിൽ അമ്പതോളം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തി.
എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‍മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.
കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. 300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഭരണ സമിതി അംഗങ്ങളാണ് തട്ടിപ്പു നടത്തിയതെന്നും ഇവര്‍ പറഞ്ഞ രേഖകളില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് തന്റെ മകന്‍ ചെയ്തതെന്നും രാമകൃഷ്ണന്‍ പറയുന്നു. സിപിഎം തൃശൂര്‍ ജില്ലാസമിതിയുമായി അടുത്ത ബന്ധമുള്ളവരാണ് എപ്പോഴും കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിയില്‍ എത്തുന്നത്.
21 വര്‍ഷക്കാലം ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആര്‍. സുനില്‍ കുമാര്‍ ഇപ്പോള്‍ ജയിലിലാണ്. എന്തായാലും സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്റെ ആവശ്യപ്പെട്ടതുപോലെ ഇഡി മൊയ്തീന്റെ വീട് റെയ്ഡ് നടന്നിരിക്കുകയാണ്.
Discussion about this post