തിരുവനന്തപുരം: സനാതനമായ ഭാരതീയ സംസ്‌കാരത്തിന്റെ ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ച പുരാതത്വഗവേഷകനായിരുന്നു ബി.എസ്. ഹരിശങ്കര്‍ എന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ. ആര്‍.ബാലശങ്കര്‍ പറഞ്ഞു. പുരാതത്ത്വഗവേഷകനും ഭാരതീയവിചാരകേന്ദ്രം ഉപാധ്യക്ഷനുമായിരുന്ന ഡോ.ബി.എസ്.ഹരിശങ്കറിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംസ്‌കൃതിഭവനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മാനബിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരു വിഭാഗം ഇവിടെ ശക്തമായിട്ടുണ്ട്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മറ്റുമതങ്ങള്‍ക്ക് രക്ഷയില്ലെന്നും അധീശത്വം അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. 1947ന് ശേഷമാണ് ഭാരതം ജനിച്ചത് എന്ന വിധത്തിലാണ് ഇവരുടെ പ്രചരണം. ഭാരതം ശക്തമായി മുന്നോട്ടുപോകുമെന്ന ഭീതിയാണ് കുപ്രചരണങ്ങള്‍ക്കു കാരണം. ഇതിനെ ഹരിശങ്കര്‍ തന്റെ ഗവേഷണ ഗ്രന്ഥങ്ങളിലൂടെ തുറന്നുകാണിച്ചു. സംഭവങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ തെരഞ്ഞെടുത്ത് തന്മയത്തത്തോടെ അവതരിപ്പിച്ച വ്യക്തിത്വമായിരുന്നു ഹരിശങ്കറിന്റേതെന്നും ബാലശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ഔദ്യോഗിക വ്യവഹാരങ്ങളില്‍ വൈകാരികമായി അടിപ്പെടാതെ ഹരിശങ്കര്‍ ഗവേഷണങ്ങളിലും ഗ്രന്ഥരചനയിലും മുഴുകിയിരുന്നെന്നും പുരാതത്വഗവേഷണത്തില്‍ തുടര്‍പഠനം നടത്തുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നവയാണ് ഹരിശങ്കര്‍ രചിച്ച ഗ്രന്ഥങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍, ലഫ്.ഡോ.പി.ശ്രീകുമാര്‍, മുരളി പാറപ്പുറം, ഡോ. രാജിചന്ദ്ര തുടങ്ങിയവര്‍ ഹരിശങ്കറിന്റെ കൃതികളെ വിലയിരുത്തി സംസാരിച്ചു.
Discussion about this post