തിരുവനന്തപുരം: അഭിനവ രാക്ഷസര്‍ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ധര്‍മ സംരക്ഷണത്തിനായി അവതാരമെടുത്ത ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കാന്‍ നാടൊരുങ്ങി. അരമണി കിലുക്കി, ശ്രീകൃഷ്ണ നാമങ്ങള്‍ ഉരുവിട്ട്, മഞ്ഞപ്പട്ടുടുത്ത, മയില്‍പ്പീലി ചൂടിയ നൂറുകണക്കിന് ഉണ്ണിക്കണ്ണന്‍മാര്‍ വീഥികളിലെല്ലാം ഇന്ന് പിച്ചവയ്‌ക്കും. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാര്‍ ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകും. പിഞ്ചു ബാലികാ ബാലന്മാര്‍ നിരനിരയായി ശ്രീകൃഷ്ണ നാമജപങ്ങളോടെ കൈകളില്‍ ഓടക്കുഴലുമായി വീഥികളില്‍ ഓടിക്കളിക്കും. ഗോപികമാര്‍ നൃത്തമാടും.
ബാലദിനമായാഘോഷിക്കുന്ന ജന്മാഷ്ടമിയെ വരവേല്‍ക്കാന്‍ ബാലഗോകുലം വലിയ ഒരുക്കങ്ങളിലാണ്. പതിനായിരത്തോളം ശോഭായാത്രകളാണ് സംസ്ഥാനത്തു നടക്കുക. കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയിടങ്ങളില്‍ വിപുലമായ ശോഭായാത്രാ സംഗമങ്ങളുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായാണ് സമാപന സ്ഥലത്തെത്തുന്നത്. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. ഈ സന്ദേശം നല്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രകള്‍ക്കു മിഴിവേകും. ചിത്ര രചന, വൃക്ഷ പൂജ, സാംസ്‌കാരിക സംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും. ശോഭായാത്രകളില്‍ രണ്ടര ലക്ഷം കുട്ടികള്‍ കൃഷ്ണവേഷമണിയുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post