കരുനാഗപ്പള്ളി: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി മുഴുങ്ങോടി അനസ് മൻസിലിൽ മന്ഹമറിയവും കുടുംബവും. അംഗനവാടിയിലെ കൂട്ടുകാർ കൃഷ്ണവേഷത്തിൽ ഒരുങ്ങുന്നതറിഞ്ഞാണ് നാലുവയസുകാരി മന്ഹമറിയം ആഗ്രഹം പ്രകടിപ്പിച്ചത്.
മകൾക്ക് പിന്തുണയുമായി ബാപ്പ ശിഹാബുദ്ദീനും ഉമ്മ അൻസിയും എത്തിയതോടെ, കൃഷ്ണനായി മന്ഹമറിയം മാറി മുഴുങ്ങോടി മണ്ണുരേത്ത് കാവിൽ നിന്ന് ആരംഭിച്ച് മാരാരിത്തോട്ടം ക്ഷേത്രത്തിൽ സമാപിച്ച ശോഭായാത്രയിൽ ആദ്യാവസാനം മന്ഹമറിയവും ഉമ്മ അൻസിയും ഉമ്മുമ്മ സുനിയും പങ്കെടുത്തു. ക്ഷേത്രത്തിൽ ഉറിയടിച്ച ശേഷമാണ് മന്ഹമറിയത്തെയും കൂട്ടി കുടുംബം മടങ്ങിയത്.
ശോഭായാത്രയിൽ പങ്കെടുത്തത് നല്ല അനുഭവമാണ് നൽകിയതെന്ന് ഉമ്മ അൻസി പറഞ്ഞു. വളരെ സന്തോഷം തോന്നി, മകൾ പങ്കെടുത്തതിൽ ബാലഗോകുലം പ്രവർത്തകരും നാട്ടുകാരും വളരെയധികം സന്തോഷം പങ്കുവച്ചു. ഇതു വളരെ സംതൃപ്തി നൽകുന്നെന്നും അൻസി പറഞ്ഞു. ശ്രീകൃഷ്ണ വേഷം ധരിച്ച് മന്ഹമറിയത്തെ ഉമ്മുമ്മ സുനി എടുത്തു കൊണ്ട് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Discussion about this post