കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 1966 മുതല്‍ 2007 വരെ 41 വര്‍ഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്നു. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ്, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി, ക്ഷേത്രീയ സംഘടനാ സെക്രട്ടറി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു.
1947 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ മണത്തണയില്‍ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും കുളങ്ങരയ്യത്ത് കല്യാണിയമ്മയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം 1966ല്‍ കണ്ണൂരില്‍ത്തന്നെ വിസ്താരക് എന്ന നിലയില്‍ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. തുടര്‍ന്ന് ചെങ്ങന്നൂര്‍, ആലുവ താലൂക്കുകളുടെ പ്രചാരക്, തൃശ്ശൂര്‍ ജില്ലാ പ്രചാരക്, കോഴിക്കോട്, തിരുവനന്തപുരം വിഭാഗുകളുടെ പ്രചാരക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ശേഷം പ്രാന്ത സമ്പര്‍ക്ക പ്രമുഖ് എന്ന ചുമതലയില്‍ കേരളമാകെ യാത്ര ചെയ്തു. 1975ല്‍ തൃശ്ശൂര്‍ ജില്ലാ പ്രചാരകായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ടു.
1988 മുതല്‍ 1995 വരെ ജന്മഭൂമി പത്രത്തിന്റെ എംഡിയായും പ്രവര്‍ത്തിച്ചു. 1991ല്‍ ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട പി.പി. മുകുന്ദന്‍ 2005 വരെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും 2007 വരെ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡോ. മുരളീ മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയുടെ കേരളത്തിലെ മുഖ്യസംഘാടകനായിരുന്നു അദ്ദേഹം.ഭൗതിക ശരീരം ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസില്‍ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ ഭൗതികശരീരം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടു പോകും.
Discussion about this post