പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും. അത്താഴപൂജ കഴിഞ്ഞ് രാത്രി പത്ത് മണിയോടെ മേൽശാന്തി ഭഗവാനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്‌ക്കും. ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവ കണ്ടുവണങ്ങാൻ അയ്യപ്പ സന്നിധിയിൽ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവയുടെ ബ്രഹ്‌മകലശങ്ങൾ ഒരുമിച്ചു പൂജിച്ചു.
കലശത്തിന് ചുറ്റും 25 ശാന്തിക്കാർ ഇരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിക്കുകയും ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കലശങ്ങൾ ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി.
Discussion about this post