കൊല്ലം: വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും നമ്മള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുമ്പോഴാണ് സൗഹൃദവും സഹവര്‍ത്തിത്വവും ജനിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. രാജ്യങ്ങളും വ്യക്തികളും സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്താല്‍ തന്നെ 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അമൃതപുരിയില്‍ തന്റെ 70-ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശത്തില്‍ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു.
പ്രകൃതി അല്ലെങ്കില്‍ ഈശ്വര ശക്തി നമ്മെ പല നല്ല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതാണ്. അവയൊക്കെ നല്ല വിധത്തില്‍ പഠിച്ചിരുന്നെങ്കില്‍ നാം ഇന്ന് നേരിടുന്ന പല സങ്കീര്‍ണ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. മനുഷ്യന്‍ മനുഷ്യനുമായി സഹകരിച്ചു നീങ്ങണം പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കണം, ഈശ്വരശക്തിയുമായി സഹവാസം പുലര്‍ത്തണം. ഈ മൂന്നു കാര്യങ്ങളും കുറച്ചെങ്കിലും പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് ബാധിക്കുമെന്ന് അമ്മ പറഞ്ഞു. നമ്മള്‍ പരാശ്രയത്തില്‍ കത്തേണ്ട മെഴുകുതിരി അല്ല സ്വയം ജ്വലിക്കേണ്ട സൂര്യനാണെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തിയും ചിന്തയും തമ്മില്‍ ഒരു വിടവ് വേണം. ഒരു നിമിഷത്തെ തെറ്റായ വാക്കോ പ്രവര്‍ത്തിയോ മതി നമുക്കും ലോകത്തിനും നാശം ഉണ്ടാക്കാന്‍. അതുകൊണ്ട് എന്തു പറയുമ്പോഴും ചെയ്യുമ്പോഴും നമ്മള്‍ ബോധവാന്മാരായിരിക്കണമെന്നും മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു.
ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയില്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനം. ചൊവ്വാഴ്ച രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴിന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്സംഗം. 7.45ന് സംഗീത സംവിധായകന്‍ രാഹുല്‍രാജും സംഘവും അവതരിപ്പിച്ച നാദാമൃതം ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി.
ഒന്‍പതിന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിലെ ഗുരുപാദുക പൂജയ്‌ക്കു ശേഷം അമ്മ ജന്മദിന സന്ദേശം നല്കി. നടന്‍ മോഹന്‍ലാല്‍ സന്നിഹിതനായിരുന്നു. ധ്യാനം, വിശ്വശാന്തി പ്രാര്‍ഥന എന്നിവയുമുണ്ടായി.
11ന് സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡേ, അശ്വിനി കുമാര്‍ ചൗബേ, വി. മുരളീധരന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ.എം ആരിഫ്, കൊളത്തൂര്‍ അദൈ്വതാശ്രമ മഠാധിപതിയും മാര്‍ഗ ദര്‍ശന്‍ മണ്ഡല്‍ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി, ജനറല്‍ സെക്രട്ടറി സത്സ്വരൂപാനന്ദ സ്വാമി, ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി സച്ചിതാനന്ദ, ദുബായ് ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് അല്‍ മസ്സ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പദ്മശ്രീ കുഞ്ഞോല്‍ മാസ്റ്റര്‍, ആര്‍എസ്എസ് ക്ഷേത്രീയ സേവാ പ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സേവാപ്രമുഖ് എം.സി. വത്സന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന വക്താവ് ഇ.എസ്. ബിജു, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post