മലപ്പുറത്തെ പെണ്‍കുട്ടികള്‍ തട്ടം വേണ്ടെന്നു പറയാന്‍ കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സിപിഎം എന്ന പാര്‍ട്ടിയുടെ തനിനിറം പുറത്തായിരിക്കുകയാണ്. മതേതരത്വത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും വനിതാവിമോചനത്തെക്കുറിച്ചുമൊക്കെ സിപിഎം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരവും ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്ത് യുക്തിവാദികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന പ്രസ്താവനയുമായി ജിഹാദി സഖാവായ കെ.ടി. ജലീല്‍ രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്നും, കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും സിപിഎം തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും പ്രഖ്യാപിക്കുന്ന സമൂഹമാധ്യമത്തിലെ ജലീലിന്റെ കുറിപ്പ് ആലപ്പുഴ എംപിയും ലോക്‌സഭയിലെ സിപിഎമ്മിന്റെ ഒരേയൊരു കനല്‍ത്തരിയുമായ എ.എം.ആരിഫ് പങ്കുവയ്‌ക്കുകയും ചെയ്തതോടെ സിപിഎമ്മിനകത്തും പുറത്തും ഇസ്ലാമിക മതമൗലികവാദം പൊടുന്നനെ അലയടിച്ചുയരുകയായിരുന്നു. അനില്‍ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തുവന്നു. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. താനല്ല, പാര്‍ട്ടിയാണ് ശരിയെന്ന് അനില്‍കുമാറിനു തിരുത്തേണ്ടിയും വന്നു.
ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് ഗണപതി മിത്താണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടത്. ഹൈന്ദവ സംഘടനകളുടെയും ഗണപതി ഭക്തരുടെയും ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും ഷംസീറിനെ തള്ളിപ്പറയാനോ തിരുത്താനോ സിപിഎം തയ്യാറായില്ല. അന്ന് ഇതേ എം.വി. ഗോവിന്ദന്‍ ചോദിച്ചത് ഗണപതി മിത്തല്ലെങ്കില്‍ മറ്റെന്താണ് എന്നായിരുന്നു. സിപിഎമ്മിലെ ഹിന്ദു നാമധാരികളായ ഒരു നേതാവുപോലും ഷംസീറിന്റെ പരാമര്‍ശം ശരിയല്ലെന്നോ അനുചിതമാണെന്നോ പറയാന്‍ തയ്യാറായില്ല. ഹിന്ദുക്കളുടെ മതവിശ്വാസത്തിനെതിരെ ഷംസീറിനെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട അനില്‍കുമാറുമുണ്ടായിരുന്നു. ഇവിടെയാണ് കെ.ടി. ജലീലിന്റെ പ്രസക്തി. ഇസ്ലാമിക തീവ്രവാദത്തിന്റെ പശ്ചാത്തലമുള്ള ജലീല്‍ പല പ്രശ്‌നങ്ങളിലും സിപിഎമ്മിന്റെ അവസാന വാക്കായി മാറിയിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തിന്റെ പ്രശ്‌നമായാലും കശ്മീരിലെ ഭീകരവാദത്തിന്റെ പ്രശ്‌നമായാലും അബ്ദുള്‍ നാസര്‍ മദനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തിലായാലും ജലീല്‍ പറയുന്നതിനപ്പുറം പോകാന്‍ സംസ്ഥാന സെക്രട്ടറിയടക്കം സിപിഎമ്മിലെ ഒരു നേതാവിനുമാവില്ല. ജലീലിനാണെങ്കില്‍ സിപിഎമ്മിലെ തന്നെ എ.എം.ആരിഫിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദികളുടെ ശക്തവും പരസ്യവുമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ആരിഫിനെപ്പോലെ ചിന്തിക്കുകയും ജലീലിന് പിന്തുണയറിയിക്കുകയും ചെയ്യുന്ന മതമൗലികവാദികളായ വേറെയും നേതാക്കള്‍ സിപിഎമ്മിലുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.
ഇസ്ലാമിക തീവ്രവാദമാണ് സിപിഎമ്മിന്റെ അജണ്ട തീരുമാനിക്കുന്നത് എന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. തട്ടത്തിന്റെ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. പാര്‍ട്ടി ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏകീകൃത സിവില്‍ കോഡിനുവേണ്ടി വാദിച്ചപ്പോള്‍ അതിനെതിരെ അക്രമാസക്തമായ സമരം നടത്തുകയാണല്ലോ മുസ്ലിം ലീഗിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും ചെയ്തത്. അന്ന് ഇവര്‍ക്കൊപ്പം നിന്ന ജലീലിനെപ്പോലുള്ളവരാണ് ഇപ്പോള്‍ സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. കര്‍ണാടകയില്‍ ഹിജാബ് പ്രശ്‌നം ഉണ്ടായപ്പോള്‍ ഹൈക്കോടതി വിധിക്കെതിരെയും ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നില്‍ക്കുകയാണ് സിപിഎം ചെയ്തത്. അടുത്തിടെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയുണ്ടായപ്പോഴും ആചാര്യനായ ഇഎംഎസിനെ തള്ളി ജലീലിനെപ്പോലുള്ളവര്‍ പറയുന്നിടത്ത് കയ്യൊപ്പു ചാര്‍ത്തുകയായിരുന്നു സിപിഎം. മുന്‍കാലങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ചുപോന്ന നിലപാടുകള്‍ ചിലരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന അവസ്ഥയിലേക്കെത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇസ്ലാമികമായ അജണ്ടയ്‌ക്കപ്പുറം ചലിക്കാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമെടുത്താണ് ജലീലിനെയും ആരീഫിനെപ്പോലുള്ളവരും അതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക മതധ്രുവീകരണത്തിന് ബോധപൂര്‍വം ശ്രമിക്കുന്ന പാര്‍ട്ടി ഇതര മതവിശ്വാസികളുടെ പിന്തുണയെ വിലകുറച്ചുകാണുകയാണ്. അവരുടെ മതവിശ്വാസങ്ങളെയും അഭിമാനത്തെയും ചവിട്ടിമെതിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല. ഗണപതി മിത്താണെന്ന വിവാദത്തില്‍ അതാണ് കണ്ടത്. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അനന്തരഫലം ഭീകരമായിരിക്കും.
Discussion about this post