കൊച്ചി: രാഷ്‌ട്രവൈഭവത്തിന് മഹത്തായ സംഭാവന നല്കിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആത്മസമര്‍പ്പണത്തിന്റെ മകുടോദാഹരണവുമായിരുന്നു ദത്തോപാന്ത് ഠേംഗ്ഡിയെന്ന് ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച് വളര്‍ന്നിട്ടും ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യപുരോഗതിക്കു വേണ്ടി പ്രയത്‌നിക്കാന്‍ ശേഷിയുള്ള തൊഴിലാളി പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഠേംഗ്ഡിയെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് എറണാകുളം ജില്ലാ കമ്മിറ്റി കളമശേരി മസ്ദൂര്‍ ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൊഴിലാളിഐക്യം കൊണ്ട് മാത്രം രാഷ്‌ട്രപുരോഗതി സാധ്യമാവില്ലെന്നും ദേശീയ കാഴ്ചപ്പാടില്‍ വേരൂന്നി പ്രവര്‍ത്തിച്ചാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം കാണിച്ചു തന്നു. ലാളിത്യവും വിനയവും നിറഞ്ഞ ജീവിതത്തിലൂടെ തന്റെ കാഴ്ചപ്പാട് കര്‍മമണ്ഡലത്തില്‍ പ്രതിഫലിപ്പിക്കുവാനും അതിലൂടെ അവരെ പ്രചോദിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചതുകൊണ്ടാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറാന്‍ ബിഎംഎസിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാര്‍ അധ്യക്ഷനായി. ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജ്, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ട്രഷറര്‍ കെ.എസ്. ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു.
Discussion about this post