മാവുങ്കാൽ (കാസർകോട്): കവി ഋഷിയായിരിക്കണം എന്ന ഭാരതീയ സങ്കല്പത്തിന് യോജിച്ച കാവ്യജീവിതമായിരുന്നു അക്കിത്തത്തിന്റേത് എന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അദ്ധ്യക്ഷൻ പൊ:പി.ജി.ഹരിദാസ് പറഞ്ഞു.
മഹാകവി അക്കിത്തം അനുസ്മരണ സമ്മേളനവും തപസ്യ കലാസാഹിത്യ വേദിക്ക് വേണ്ടി മാവുങ്കാൽ ടൗണിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നവീകരിച്ച് സജ്ജീകരിച്ച പുതിയ ജില്ല കാര്യാലയത്തിന്റെ ഉദ്ഘാടനവും ചെയ്ത് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
ഋഷിതുല്യമായ സമദർശനമാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. കവിതയിലെന്നപോലെ ജീവിതത്തിലും ലാളിത്യ ഭംഗികളെ സ്വീകരിച്ചിരുന്നു അദ്ദേഹം. ജീവിത ക്ലേശങ്ങൾ നൽകിയ കണ്ണീർപാഠങ്ങൾക്ക് അദ്ദേഹത്തിന്റെ കവിതകൾ തെളിവു നൽകുന്നു. “ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് പൊഴിക്കവേ – എന്ന അക്കിത്തത്തിന്റെ വരികളെ കുറിച്ച് പ്രഭാഷകൻ വാചാലനായി.ദീർഘകാലം തപസ്യയ്ക്ക് സാരഥ്യമരുളിയപ്പോഴും വാക്കുകളിലൂടെയല്ല മറിച്ച് തന്റെ കവിതകളിൽ കൂടിത്തന്നെയാണ് സംഘടനയെ നയിക്കുകയും സന്ദേശങ്ങൾ നൽകയും ചെയ്തിരുന്നതെന്ന് അക്കിത്തവുമൊത്തുണ്ടായ ധന്യനിമിഷങ്ങളെ അനുസ്മരിച്ചു കൊണ്ട് പ്രൊ:ഹരിദാസ് പറഞ്ഞു. മാവുങ്കാൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ
തപസ്യ ജില്ല പ്രസിഡണ്ട് കെ.ബാലചന്ദ്രൻ പെരിയ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ മുഖ്യാതിഥിയായി.ജില്ല ജോയിന്റ് സെക്രട്ടറി എം.വി.അശോകൻ പുല്ലൂർ സ്വാഗതവും ജില്ല ഉപാദ്ധ്യക്ഷൻ എ.വി.സദാനന്ദൻ നന്ദിയും പറഞ്ഞു.
Discussion about this post