കണ്ണൂർ: കണ്ണൂരിൽ വിദ്യാരംഭം ചടങ്ങിനെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹിന്ദു ഐക്യവേദി. പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയാണ് ഇതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. മതേതരത്വത്തിന്റെ പേര് പറഞ്ഞു നടത്തുന്ന ഇത്തരം ആഭാസങ്ങളിൽ നിന്ന് സിപിഎം പിൻതിരിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അവഹേളിക്കുന്ന രീതി സിപിഎം തുടരുകയാണ്. മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ വിദ്യാരംഭം കുറിക്കാനുള്ള അപേക്ഷാ ഫോം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഫോമിൽ വിദ്യാരംഭം എങ്ങനെ എന്ന ചോദ്യം കൊടുത്തതിന് ശേഷം ഹരിശ്രി ഗണപതയേ നമഃ, അല്ലാഹു അക്ബർ, യേശുവേ സ്തുതി തുടങ്ങിയ ഓപ്ഷൻസും കാണാം.
പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും വേണ്ടി നടത്തുന്ന പരിപാടിയാണ് ഇത്. സംസ്‌കാരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു പവിത്രമായ ചടങ്ങിനെ മതത്തിന്റെ കള്ളികളിലേക്ക് മാറ്റുന്നു. കൂടാതെ മതത്തിന്റെ പേരിൽ താഴ്‌ത്തി കെട്ടുക എന്ന ഗൂഢ ഉദ്ദേശ്യവും ഇതിന്റെ പിന്നിലുണ്ട്’- എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്‌കൂളിൽ വച്ച് മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാരംഭം ചടങ്ങിലേക്കുള്ള അപേക്ഷാ ഫോമിലാണ് ‘വിദ്യാരംഭം എങ്ങനെ എന്ന ചോദ്യം കൊടുത്തതിന് ശേഷം ഹരിശ്രി ഗണപതയേ നമഃ, അല്ലാഹു അക്ബർ, യേശുവേ സ്തുതി തുടങ്ങിയ ഓപ്ഷൻസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ നിരവധി പേരാണ് വിമർശിച്ച് രംഗത്തുവന്നിരിക്കുന്നത്.
Discussion about this post