തിരുവനന്തപുരം: നര്‍ത്തകിയുടെ വേഷമാണ് ഏറെയിഷ്ടമെങ്കിലും ജീവിതം സീമയ്ക്ക് നല്‍കിയത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയുടെ കുപ്പായമാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ സീമ മൗര്യയെന്ന വാരാണസിക്കാരി ഇപ്പോള്‍ വന്ദേഭാരത് തീവണ്ടിയില്‍ ഭക്ഷണ വിതരണക്കാരിയാണ്. നിറഞ്ഞ ചിരിയോടെ ഭക്ഷണം കൈമാറുന്ന ഈ പെണ്‍കുട്ടിയെ യാത്രക്കാരില്‍ പലരും കണ്ടിട്ടുണ്ടാകും.
നൃത്തത്തില്‍ ഡിഗ്രി നേടിയെങ്കിലും മുന്നോട്ടുപോവണമെങ്കില്‍ സീമയ്ക്ക് ജോലി ത്യാവശ്യമായിരുന്നു. കണക്കെഴുത്തുകാരിയായും കംപ്യൂട്ടര്‍ ഓപ്പറേറ്ററായും നൃത്താധ്യാപികയായുമൊക്കെ കുറച്ചുകാലം പകര്‍ന്നാടിയെങ്കിലും കുടുംബത്തെ നോക്കാന്‍ കുറച്ചുകൂടി സ്ഥിരതയുള്ള ജോലിയുടെ അന്വേഷണത്തിലായിരുന്നു സീമ.
സുഹൃത്തുക്കളുടെ സഹായത്തോടെ ഡല്‍ഹിയിലെത്തി യു.പി.എസ്.സി. പരീക്ഷകള്‍ക്കുവേണ്ടി പഠിച്ചുതുടങ്ങി. ആ സമയത്താണ് വന്ദേഭാരത് തീവണ്ടികളില്‍ ഭക്ഷണവിതരണക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. അപേക്ഷിച്ചപ്പോള്‍ കേരളത്തിലാണ് ആദ്യം നിയമനം കിട്ടിയത്. യു.പി.യിലെ വാരാണസിയിലെ ഖജൂരിയില്‍ പഴക്കച്ചവടക്കാരനായ കിഷന്‍ ലാല്‍ മൗര്യയുടേയും ദേവിയുടേയും അഞ്ചുമക്കളില്‍ മൂന്നാമത്തെയാളാണ് സീമ. രണ്ടു ചേച്ചിമാരും ഒരനിയത്തിയും അനിയനും അടങ്ങുന്ന കുടുംബം.
കൊട്ട് കേട്ടാല്‍ നൃത്തം ചെയ്യുന്ന കൊച്ചുസീമയിലെ നര്‍ത്തകിയെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൃത്തം പഠിക്കാന്‍ അവസരം കിട്ടുന്നത്. പിന്നീട് നാട്ടിലെ ഉത്സവങ്ങള്‍ക്കൊക്കെ ചുവടുവെച്ചു. വാരാണസിയിലെ സരസ്വതി വിദ്യാമന്ദിര്‍ ഇന്റര്‍കോളജില്‍നിന്ന് പ്രീ യൂണിവേഴ്സിറ്റിക്കുശേഷം എന്തു പഠിക്കണമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നൃത്തപഠനത്തിന് അപേക്ഷിച്ചു. ആദ്യം ചേര്‍ന്നത് ഭരതനാട്യം ഡിപ്ലോമക്കാണ്. അതുകഴിഞ്ഞപ്പോള്‍ അവിടെത്തന്നെ ബി.പി.എ. ഭരതനാട്യത്തിന് ചേര്‍ന്നു. ട്യൂഷനെടുത്തും കണക്കെഴുതിയും ഡാന്‍സ് പഠിപ്പിച്ചും കാശുണ്ടാക്കി ഫീസടച്ചു. പഠിച്ചകാലമത്രയും സ്വന്തം അധ്വാനം കൊണ്ട് ചെലവുകളെല്ലാം നിര്‍വഹിച്ചു.
കാമ്പസിലെ ആഘോഷങ്ങള്‍ക്കെല്ലാം കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്തു. ഫസ്റ്റ് ക്ലാസോടെ ഡിഗ്രി പാസായി. തുടര്‍ന്ന് അവിടെത്തന്നെ പി.ജി.ക്ക് പഠിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ചെലവ് താങ്ങാനാവുമായിരുന്നില്ല. ഇതിനിടെ ചേച്ചിമാരായ ദീപയുടേയും രൂപയുടേയും കല്യാണം കഴിഞ്ഞു. അച്ഛന്‍ അസുഖം വന്ന് കിടപ്പിലായി. കുടുംബത്തിന്റെ ഉത്തരവാദിത്വം സീമയുടെ ചുമലിലായി. ”രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അമ്മ പാടുപെട്ടു. ഭരതനാട്യം അരങ്ങിലെത്തണമെങ്കില്‍ മേക്കപ്പും ആടയാഭരണങ്ങളും വാടകയ്ക്കെടുക്കുകയോ സ്വന്തമായി വാങ്ങുകയോ വേണം. ഞാന്‍ വാടകയ്ക്കെടുത്ത കോസ്റ്റ്യൂംസിട്ടാണ് നൃത്തം ചെയ്യാറുള്ളത്. ആദ്യം ഒരു ജോലി, പിന്നെ നൃത്തപഠനം എന്ന തീരുമാനത്തിലെത്തി. അങ്ങനെയാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.”
ആത്മവിശ്വാസം മാത്രം കൈമുതലാക്കി സീമ ഡല്‍ഹിയിലേക്ക് വണ്ടികയറി. ചെറിയ ജോലികള്‍ ചെയ്തു. ഒപ്പം സര്‍ക്കാര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠനവും തുടങ്ങി. ”കേരള കലാമണ്ഡലം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കേരളത്തെപ്പറ്റി കൂടുതലറിയുന്നത് വന്ദേഭാരതില്‍ ജോലിക്ക് കയറിയ ശേഷമാണ്. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് വന്നതുമുതല്‍ കേരളത്തിലുണ്ട്. ഇടയ്ക്ക് പനിപിടിച്ചപ്പോള്‍ നാട്ടില്‍ പോയി 10 ദിവസം നിന്നു. രാവിലെ 4.30-ന് താമസസ്ഥലത്തുനിന്നിറങ്ങും. വിതരണം ചെയ്യാനുള്ള ഭക്ഷണം, വെളളം എല്ലാം എടുത്തുവെയ്ക്കുമ്പോഴേക്ക് 5.20 ആവും. തീവണ്ടി പുറപ്പെട്ട് ഉച്ചയ്ക്ക് കാസര്‍കോടെത്തുമ്പോള്‍ ചെറിയ വിശ്രമം. പിന്നീട് വീണ്ടും തിരുവനന്തപുരത്തേക്ക്. രാത്രി 10.3-ഓടെ തിരുവനന്തപുരം സെന്‍ട്രലിലെത്തും. ഇടയ്ക്ക് ഓഫും ലീവുമൊക്കെയെടുക്കാം.”
ജോലിയിലെ ശുഷ്‌കാന്തിയും കൃത്യതയുമൊക്കെ സീമയ്ക്ക് ജീവിതത്തിലുമുണ്ട്. ‘അന്തസ്സോടെ ജോലി ചെയ്ത് ജീവിക്കണം. എത്ര ചെറിയ ജോലിക്കും അതിന്റെ വിലയുണ്ട്. അതുകൊണ്ട് എല്ലാ ജോലികളെയും മാനിക്കണം’ അമ്മ പറഞ്ഞുകൊടുത്തത് മകള്‍ അക്ഷരംപ്രതി പാലിച്ചു.
”ഒറ്റയ്ക്ക് മകള്‍ ഡല്‍ഹിയിലൊക്കെ പോയതിന് പലരും അമ്മയോടും അച്ഛനോടും എതിര്‍പ്പ് പറഞ്ഞു. ഒറ്റയ്ക്ക് ജീവിക്കാന്‍ എനിക്കാവും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. വീട്ടുകാര്‍ക്ക് എന്നെ വിശ്വാസമുണ്ട്. നിരാശപ്പെട്ടു വെറുതെയിരിക്കാന്‍ ഞാനില്ല. സങ്കപ്പെട്ടിരിക്കാനാണെങ്കില്‍ അതിനേ നേരം കാണൂ. ജോലി ചെയ്ത് ജീവിക്കാന്‍ ഒരുകാലത്തും മടിയില്ലായിരുന്നു. ആ ധൈര്യം ഉള്ളതുകൊണ്ടാണ് കേരളത്തിലേക്കും വന്നത്. ജോലിചെയ്യുന്നത് കുടുംബത്തിനുംകൂടി വേണ്ടിയാണ്. ഉള്ളതില്‍ ഹാപ്പിയാണ്. എന്നെങ്കിലും എന്റെ ദിവസവും വരും, ഉറപ്പാണ.്”
സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ച, ആത്മവിശ്വാസത്തിന്റെ കുപ്പായവുമിട്ട് ഭക്ഷണത്തിന്റെ ട്രേയുമായി ഇരുപത്തഞ്ചുകാരി അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് പോയി.
Discussion about this post