കൊച്ചി: എട്ട് പതിറ്റാണ്ടായി സംഘവും രാഷ്ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗി, ആർ. ഹരി അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ചിന്തയുടെ മണ്ഡലത്തില്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെ വെളിച്ചം ആയിരങ്ങളില്‍ നിറച്ച് സനാതന ദേശീയതയെ ജീവിതത്തിലുറപ്പിച്ച സംഘ ഋഷിയുടെ വിടവാങ്ങല്‍. ടിഡി ക്ഷേത്രത്തിലെ കളിമുറ്റത്തുനിന്നാണ് സംഘാദര്‍ശത്തിന്റെ കൊടിയുമായി അദ്ദേഹം ദേശാന്തരങ്ങള്‍ സഞ്ചരിച്ചത്.പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് സംഘ ജീവിതം.അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
1930 ഡിസംബര്‍ 5ന് എറണാകുളത്ത് പുല്ലേപ്പടിയില്‍ തെരുവില്‍പ്പറമ്പില്‍ വീട്ടില്‍ ടി.ജെ. രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകന്‍. എട്ട് മക്കളില്‍ രണ്ടാമനായിരുന്നു ആര്‍. ഹരി. മൂന്ന് സഹോദരന്മാര്‍. നാല് സഹോദരികള്‍. ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ വിജിലന്‍സ് ഓഫീസറായിരുന്ന അന്തരിച്ച ടി.ആര്‍. പുരുഷോത്തമ ഷേണായി, പരേതയായ വത്സല ബായ്, എഫ്എസിടിയില്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജറായിരുന്ന ആര്‍. സുരേന്ദ്ര ഷേണായ്, അഭിഭാഷകനായ ആര്‍. ധനഞ്ജയ് ഷേണായി, അന്തരിച്ച ജയാബായ്, അന്തരിച്ച വിശയ ബായ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.
ഭൗതികശരീരം ഇന്ന് രാവിലെ 11 മുതൽ നാളെ പുലർച്ചെ ആറ് വരെ ആർ എസ് എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിൽ പൊതു ദർശനം. തുടർന്ന് അവസാന കാലത്ത് ഹരിയേട്ടൻ വിശ്രമജീവിതം കഴിച്ചിരുന്ന തൃശൂർ മായന്നൂർ തണൽ ബാലാശ്രമത്തിലേക്ക് കൊണ്ടു പോകും. പകൽ 11 വരെ അവിടെ പൊതു ദർശനം. ശേഷം ഐവർ മഠത്തിൽ സംസ്കാരം
സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പ്രത്യേകം പഠിച്ചു. മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ സത്യാഗ്രഹിയായി കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചു.ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. പിന്നീട് നിരവധി ചുമതലകള്‍. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1983 മുതല്‍ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം.12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം.
Discussion about this post