കേരളത്തിലെ സംഘ പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകിയ ആർ. ഹരിയേട്ടൻ കുറച്ച് കാലം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതലയും നിർവഹിച്ചിരുന്നു.
അറിവിന്റെയും അനുഭവത്തിന്റെയും അക്ഷയഖനിയായിരുന്ന അദ്ദേഹത്തിന്റെ മാർഗദർശനം ലഭിച്ചത് സ്വയം സേവകരുടെ നിരവധി തലമുറകൾക്കാണ്.
അഖില ഭാരതീയ തലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന കാര്യകർത്താക്കൾ പോലും കേരളത്തിൽ എത്തിയാൽ അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു.
കുശാഗ്ര ബുദ്ധി, വ്രത നിഷ്ഠ, ആശയപരമായ സ്പഷ്ടത, വ്യക്തി ജീവിതത്തിലെ ലാളിത്യം ഇതെല്ലാം ഹരിയേട്ടന്റെ വ്യക്തിത്വ സവിശേഷതകളായിരുന്നു. അദ്ദേഹം ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ആയിരുന്നു. 33 വർഷക്കാലം ആർ.എസ്.എസിന്റെ സർ സംഘചാലകായിരുന്ന പൂജനീയ ഗുരുജിയുടെ സമ്പൂർണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിക്കുക എന്ന ഭഗീരഥ യജ്ഞം ഏറ്റെടുത്ത് വിജയിപ്പിച്ചത് ഹരിയേട്ടനാണ്. ആ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഇതര ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘ സാഹിത്യത്തിന് പുറമേ, ഭാരതീയഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് ഹരിയേട്ടൻ നടത്തിയിട്ടുള്ള മൗലിക പഠനങ്ങൾ നിരവധി ഗ്രന്ഥങ്ങളായി ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. അത് നമ്മുടെ സാംസ്കാരിക പഠന ശാഖയ്ക്ക് വലിയ മുതൽകൂട്ടാണ്.
നമ്മുടെ ആചാര അനുഷ്ഠാനങ്ങളിലും, കീഴ് നടപ്പുകളിലും കാലാനുസൃതമായ പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന പുരോഗമാനാത്മകമായ നിലപാട് എക്കാലവും കൈക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
അവസാന നിമിഷം വരെയും കർമ്മനിരതനായിരുന്നു ഹരിയേട്ടൻ. പൂർണമായും അക്ഷരോപാസനയ്ക്ക്വേണ്ടിയായിരുന്നു അവസാന കാലം ചിലവഴിച്ചത്. കൃത്യ കൃത്യതയോടെയാണ് അദ്ദേഹം യാത്രയായത്. ആ ധന്യ സ്മരണയ്ക്ക് മുമ്പിൽ ഭാരതീയ വിചാര കേന്ദ്രം അത്യാദരപൂർവ്വം പ്രണമിക്കുന്നു.
Discussion about this post