തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാര്‍ഷിക മിഷന്‍ രൂപീകരിച്ചു. മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യക്കൃഷി, തേനീച്ചക്കൃഷി, കൂണ്‍കൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിക്കും. സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, പ്രവാസികള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.
കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്ന കൃഷിമുറകള്‍ നടപ്പാക്കുക, സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജൈവകൃഷി എന്നീ ആശയങ്ങളില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് 10,000 ഹെക്ടര്‍ വീതം സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിക്കുക എന്നിവ ലക്ഷ്യങ്ങളാണ്.ഗുണഭോക്താക്കള്‍, ഫാമുകള്‍ എന്നിവര്‍ അഞ്ചു വര്‍ഷമെങ്കിലും ജൈവകൃഷി തുടരുമെന്ന് മിഷന്‍ ഉറപ്പാക്കും. ജൈവ ഉത്പന്നങ്ങള്‍ക്കു സര്‍ട്ടിഫിക്കേഷന്‍, പ്രത്യേക ബ്രാന്‍ഡ്, ഗുണനിലവാരമുള്ള കര്‍ഷകരില്‍ എത്തിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്. മാതൃകാപരമായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുരസ്‌കാരം നല്കും.കൃഷിമന്ത്രി ചെയര്‍മാനായുള്ള ഗവേണിങ് കൗണ്‍സിലും വിവിധ വകുപ്പുകളുടെയും കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികള്‍ അംഗങ്ങളായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണ് ജൈവ കാര്‍ഷിക മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. പ്രാദേശികാടിസ്ഥാനത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ല, പഞ്ചായത്ത് തലങ്ങളിലും കോഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപീകരിക്കും.
Discussion about this post