കൊച്ചി: നവംബർ 24ാം തിയതി ക്ലാസ്സ് ബൈ എ സോൾജിയർ എന്ന ചലച്ചിത്രം റിലീസ് ചെയ്യുമ്പോൾ അത് മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ സിനിമ സംവിധായിക എന്ന ചരിത്രം രചിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ. ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ സംവിധായികയാവുകയാണ് ചിന്മയി. സിനിമയുടെ കഥയും ചിൻമയിയുടേതാണ്. തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ കൂടിയായ അച്ഛൻ അനിൽ രാജ് ആണ്.
മയക്കുമരുന്നെന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം വിദ്യാർത്ഥികളിൽ ദേശീയബോധം ഉണർത്തുക എന്നതും. സിനിമയുടെ ദേശീയയോദ്ഗ്രത്ഥന സന്ദേശം നൽകുന്ന ഗാനങ്ങൾ ഇതിനകം ഭാരത സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മീനാക്ഷിയും വിജയ് യേശുദാസും ആണ്. മീനാക്ഷി ചിൻമയിയുടെ സഹപാഠി ആണ് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.
മലയാള സിനിമയിലെ 23 പ്രധാന താരങ്ങളും കൂടെ 400-ഓളം സ്കൂൾ വിദ്യാർത്ഥികളും സിനിമയിൽ അഭിനയിക്കുന്നു. ചിറക്കടവിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ , സുധീർ, കലാഭവൻ പ്രജോദ് , ശ്വേതാ മേനോൻ , ഹരി പത്തനാപുരം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആറ് മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്. കോട്ടയം ളാക്കാട്ടൂർ എം ജി എം എൻ എസ് ഹയർസെക്കൻററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് സംവിധായിക ചിന്മയി നായർ.
Discussion about this post