കാസര്‍കോട്: മഹിളാ ശക്തിയാണ് രാഷ്ട്രശക്തിയെന്നും രാജ്യത്തെ വരും തലമുറയുടെ ഭാവി സ്ത്രീകളുടെ കൈകളിലാണെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളുവെന്ന് കേന്ദ്രകൃഷിക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലാജെ പറഞ്ഞു. മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് വിദ്യാനഗര്‍ ചിന്മയ തേജസ്സില്‍ നടന്ന സ്ത്രീ ശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എക്കാലത്തും രാഷ്ട്രത്തിന്റെ ശക്തി വിലയിരുത്തുന്നസമയത്ത് എറ്റുവും വലിയ തോതില്‍ സ്ത്രീ ശക്തിയുടെ സംഭാവനകള്‍ കാണാവുന്നതാണ്.സ്ത്രീകള്‍ ഏത് രംഗത്ത് പ്രവര്‍ത്തിച്ചാലും അതില്‍ ഒന്നാമതാവണമെന്ന ദൃഢ നിശ്ചയം എടുത്താല്‍ നമ്മുടെ രാജ്യവും കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ചരിത്രം വിശകലനം ചെയ്യുമ്പോള്‍ രാഷ്ട്രം ദുരിതം നേരിടുന്ന സമയത്ത് അതിനു പരിഹാരം തേടുവാന്‍ ഭാരതീയ സ്ത്രീകള്‍ എന്നും സന്നദ്ധരായിരുന്നു. വൈദേശിക ശക്തികളെ ചെറുക്കുന്ന സമയത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ആത്മ നിര്‍ഭര്‍ ഭാരതത്തെ എടുത്താലും കായിക, സംസ്‌കാരിക മൂല്യങ്ങള്‍ക്ക് ശോഭ പകര്‍ന്നതിലും സ്ത്രീയുടെ സാന്നിധ്യം ദൃശ്യമാകും. അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയെ സ്ത്രീയുടെ രൂപത്തില്‍ കാണുന്നത്. സ്ത്രീകള്‍ അവരുടെ കടമകളും ചുമതലങ്ങളെ കൃത്യമായി നിറവേറ്റിയാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുമെന്നും അവര്‍ സൂചിപ്പിച്ചു. വൈഭവ പൂര്‍ണ്ണമായ ഭാരതത്തെ വീണ്ടെടുക്കുവാന്‍ വരും ദിവസങ്ങളില്‍ രാഷ്ട്രമെന്ന യജ്ഞത്തിന് ഹവിസ്സുകളായി ഒരോരുത്തരും മാറണം. കേരളത്തിലെ ടെസി തോമസ് എങ്ങനെയാണോ അഗ്‌നിപുത്രി എന്ന നാമം സ്വന്തമാക്കിയത് അത്‌പോലെ എല്ലാ സ്ത്രീകളും അവര്‍ ചെയ്യുന്ന ജോലികളിലും സാമൂഹിക, ആദ്യാത്മിക കാര്യങ്ങളിലും സജീവമാകണം. അതില്‍ കൂടി കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സാധിക്കണമെന്നും ശോഭാ കരന്തലാജെ പറഞ്ഞു. അയോധ്യയില്‍ ശ്രീരാമ മന്ദിരത്തില്‍ അടുത്ത മാസം പ്രാണ പ്രതിഷ്ഠ നടക്കുകയാണെന്നും അതിനുവേണ്ടി പ്രവര്‍ത്തിച്ച, കര്‍മ്മനിരതരായ മുഴുവന്‍ അമ്മമാരെയും ശോഭകരന്തലാജെ അഭിനന്ദിച്ചു.കാസര്‍കോട് ചിന്‍മയമിഷനിലെ ബ്രഹ്‌മചാരിണി റോജിഷ അധ്യക്ഷയായി. ജില്ലാ സംയോജക സരിതാ ദിനേഷ് സ്വാഗതവും സഹ സംയോജക ഗീതാബാബുരാജ് നന്ദി പറഞ്ഞു. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ ആനുമോദിച്ചു. തുടര്‍ന്ന് നിരവധി വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടന്നു.





Discussion about this post