ആലപ്പുഴ: ഹിന്ദു നവോത്ഥാന പ്രവര്‍ത്തനമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ‘വൈക്കം സത്യഗ്രഹം: ദേശീയ നവോത്ഥാന പ്രസ്ഥാനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മുന്നേറ്റമായിരുന്നു അത്.
‘ഞാന്‍ ഹിന്ദുവാണ്’, ‘തീണ്ടലും, അയിത്തവും അകറ്റും’ തുടങ്ങിയവയായിരുന്നു സത്യഗ്രഹികളുടെ മുദ്രാവാക്യം. നായര്‍, ഈഴവ, പുലയ സമുദായങ്ങളില്‍പ്പെട്ട ഓരോരുത്തരായിരുന്നു ആദ്യ സമരഭടന്‍മാര്‍. വൈക്കത്തെ അയിത്തോച്ചാടന സമരത്തില്‍ അഹിന്ദുക്കള്‍ നേരിട്ടു പങ്കെടുക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചത് ഗാന്ധിജിയാണ്. സമരത്തില്‍ പങ്കെടുക്കാന്‍ വന്ന സിഖുകാര്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങിപ്പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പരാശ്രയം പാടില്ലെന്നും പ്രാദേശിക നേതൃത്വം സമരം വിജയിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വൈക്കം സത്യഗ്രഹത്തിലെ സ്ത്രീപങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല, സഞ്ജയന്‍ പറഞ്ഞു.
ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹം സമരത്തിനുണ്ടായിരുന്നു. സമ്പൂര്‍ണമായ സഹനസമരമായിരുന്നു അത്. അറസ്റ്റിലാവുക മാത്രമല്ല, ക്രൂരമായ അക്രമത്തിനും അവര്‍ ഇരയായി. എന്നിട്ടും അഹിംസയുടെ മാര്‍ഗം വെടിഞ്ഞില്ല. ടി.കെ. മാധവന്‍, പി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കെ. കേളപ്പന്‍ തുടങ്ങിയവരായിരുന്നു നേതൃത്വം നല്കിയത്. ഭാരതത്തിലെമ്പാടുമുള്ള സാംസ്‌കാരിക, സാമൂഹിക സംഘടനകളെ വൈക്കം സത്യഗ്രഹ സമരം സ്വാധീനിച്ചിട്ടുണ്ട്.
രാമസ്വാമി നായ്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസുകാരനായിട്ടായിരുന്നു. അല്ലാതെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ദ്രാവിഡ കഴകം നേതാവായിട്ടല്ലെന്ന് ആര്‍. സഞ്ജയന്‍ ചൂണ്ടിക്കാട്ടി. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ചത് വൈക്കം സത്യഗ്രഹത്തിന്റെ വിജയമായിരുന്നു.
1918 മുതല്‍ ശ്രീമൂലം പ്രജാസഭയില്‍ സ്വദേശാഭിമാനി ടി.കെ. മാധവന്‍ ക്ഷേത്രപ്രവേശന വിഷയം ഉന്നയിച്ചിരുന്നു. മന്നത്തുപത്മനാഭനും എന്‍എസ്എസും ഇതിന് അനുകൂലമായിരുന്നു. വൈക്കം സത്യഗ്രഹത്തെ കുറിച്ച് ദേശീയചിന്തയില്‍ അധിഷ്ഠിതവും വസ്തുനിഷ്ഠവുമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശങ്കരാചാര്യരുടെ പേരില്‍ പ്രചരിപ്പിച്ച ആരോ എഴുതിയ ശാങ്കര സ്മൃതികളുടെ പേരിലാണ് ഹിന്ദുക്കളില്‍ അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതെന്ന് വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പറഞ്ഞു. ഇതിനെതിരെ ഹിന്ദുസമാജത്തില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന പോരാട്ടമാണ് വൈക്കം സത്യഗ്രഹം. ശാങ്കരസ്മൃതിയെ തകര്‍ത്ത് ചട്ടമ്പിസ്വാമി രചിച്ച വേദാധികാര നിരൂപണമാണ് ആദ്യത്തേത്.
പിന്നീട് ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠ, മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര തുടങ്ങി നിരവധി തുടര്‍ച്ചകളാണ് അനാചാരങ്ങള്‍ക്കെതിരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിടിഎം എന്‍എസ്എസ് കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാജിചന്ദ്ര പങ്കെടുത്തു.
Discussion about this post