കാസര്‍കോട്: വികസന കാര്യത്തില്‍ ഒരു സംസ്ഥാനത്തോടും രാഷ്‌ട്രീയ വിവേചനം കാണിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മനോഹരമായ സംസ്ഥാനമാണ്. സഞ്ചരിക്കാന്‍ നല്ല റോഡുകള്‍ ആവശ്യമാണ്.
അടിസ്ഥാന വികസനത്തിന് ഒന്നര ലക്ഷം കോടിയുടെ 38 പദ്ധതികളാണ് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നതും വരാന്‍ പോകുന്നതും. വികസനത്തില്‍ കേരളത്തിന്റെ സഹകരണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും വലിയ തടസം എന്നത് ഭൂമി ഏറ്റെടുക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ചെലവാക്കുന്നതിന്റെ പതിന്‍ മടങ്ങ് തുക കേരളത്തില്‍ ചെലവഴിക്കേണ്ടിവരുന്നു.
അതിനാല്‍ കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കുന്നതിന് ചെലവ് ഗണ്യമായി കൂടുതലാണ്. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓടിയെത്താനുള്ള സമയത്തില്‍ ഗണ്യമായ കുറവ് വരും. വിഴിഞ്ഞം തുറമുഖം കേരള വികസനത്തില്‍ നിര്‍ണായകമായ സ്വധീനമാണ് ചെലുത്തുന്നത്.
ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്-പാലക്കാട് പദ്ധതി. ഇതില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര നാല് മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍എച്ച്-744 കൊല്ലം-ചെങ്കോട്ടൈ യാത്രാ സമയം മൂന്ന് മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും.
എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
എട്ടു വര്‍ഷം മുമ്പ് താന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്റെയും ഉദ്ഘാടനം നടന്നിരിക്കുകയാണ്. ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
കേന്ദ്ര സര്‍ക്കാരിന്റെ വികസന കാര്യത്തില്‍ കേരള മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കില്‍ തന്നെ ഏത് സമയത്തും സമീപിക്കാവുന്നതാണ്. ചര്‍ച്ച നടത്താന്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ ഗഡ്ഗരിയും വി. മുരളീധരനും ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച ഉടനെ വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. വി. മുരളീധരനും സംസാരിച്ചു.
Discussion about this post