തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നുവെന്നും സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് മോദിയുടെ ഗ്യാരന്റിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വികസിത് ഭാരത് സങ്കല്‍പ യാത്ര തിരുവനന്തപുരം നഗരമേഖലയിലെ സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കുന്നത്. പത്ത് വര്‍ഷമായി സര്‍വ്വ മേഖലയിലും പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. കുടിവെള്ളം, വീട്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മൂലം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിലും ഇന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഭാരതം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കിയും പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തുന്ന യാത്രയല്ല വികസിത് ഭാരത് സങ്കല്‍പ യാത്രയെന്നും സാധാരണ പൗരര്‍ക്ക് വേണ്ടിയുള്ള യാത്രയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഗുണഭോക്താക്കള്‍ക്ക് ഉജ്ജ്വല്‍ യോജനയിലൂടെ പാചക വാതക കണക്ഷനുകളും ചടങ്ങില്‍ വിതരണം ചെയ്തു. കനറാ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രഭാരി ജി. മനോജ്കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍ നബാര്‍ഡ് ചീഫ് ജിഎം എം.ഗോപകുമാരന്‍നായര്‍, എസ്ബിഐ ചീഫ് ജിഎം എം. ഭുവനേശ്വരി, ഐഒബി ജനറല്‍ മാനേജര്‍ ദയാല്‍പ്രസാദ്, പിപിഎസി ഡയറക്ടര്‍ ജനറല്‍ വി. മനോജ്കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post