കോഴിക്കോട്: അധികാരത്തിന്റെ ബലത്തില്‍ മനുഷ്യത്വഹീനമായ രീതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ നേരിട്ട സിപിഎം സമീപനത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കമ്മ്യൂണിസ്റ്റുവല്‍ക്കരണത്തിനെതിരെയും ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയും കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് സര്‍വ്വകലാശാലയില്‍. അധികൃതരുടെ സഹകരണത്തോടെ ചാന്‍സിലറുടെ തീരുമാനങ്ങള്‍ പോലും റദ്ദാക്കുകയാണ്. സെനറ്റ് യോഗത്തിന്റെ നിയന്ത്രണം കമ്മ്യൂണിസ്റ്റുകള്‍ കൈയടക്കുന്നു. എസ്എഫ്‌ഐയുടെ കായികബലത്തിന് ജനാധിപത്യം അടിയറവെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാഴ്ച പരിമിതിയുള്ള പത്മശ്രീ ബാലന്‍ പൂതേരിയെപോലെയുള്ളവരെ മണിക്കൂറുകള്‍ പൊരിവെയിലില്‍ നിര്‍ത്തി കൈയേറ്റം ചെയ്ത നടപടിക്കെതിരെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തത് എന്തെന്ന് വ്യക്തമാക്കണം. ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍ അദ്ധ്യക്ഷനായി. പത്മശ്രീ ബാലന്‍ പൂതേരി, സി. ശേഖരന്‍, കെ. ഗണേഷ്. ഇ.യു ഈശ്വരപ്രസാദ്, എ.വി. ഹരീഷ്, ശ്രീധരന്‍ പുതുമന, യദുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എബിവിപി കേന്ദ്ര പ്രവർത്ത സമിതി അംഗം എന്‍.സി.ടി. ശ്രീഹരി, കാലിക്കറ്റ് സര്‍വ്വകലാശാല സംരക്ഷണ വേദി ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.കെ. അനുരാജ് പ്രമേയം അവതരിപ്പിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വിസി: എ. സുകുമാരന്‍ നായരുടെ വിയോഗത്തില്‍ യോഗം അനുശേചിച്ചു.
Discussion about this post