തിരുവനന്തപുരം: അയോദ്ധ്യയിലെ സ്വാഭിമാന നിമിഷത്തില്‍ എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരികുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോദ്ധ്യ ഭാരത ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം കൂടിയാണ്. എന്നിട്ടും കേരളം അറിഞ്ഞോ അറിയാതെയോ ദേശീയ വിഷയത്തില്‍ ജാഗരൂകമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് ദിവസങ്ങളായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ മൂന്നാമത്തെ അധ്യായത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ശ്രീരാമചന്ദ്രന്റെ പ്രയാണമാണ്. ആ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ എടുത്ത അധികാരികള്‍ ഭരണഘടനയുടെ അന്തസത്ത പാലിക്കണം. ആ ചിത്രങ്ങളെല്ലാം ഭരണ ഘടനയുടെ ഭാഗമാണെന്ന് കോടതിവരെ പറയുന്നു. അങ്ങനെ ഉള്ളപ്പോള്‍ കേരളം ഒറ്റപ്പെട്ടു നില്‍ക്കുന്നതില്‍ ജനപ്രതിനിധികള്‍ പുനര്‍ചിന്തനം നടത്തണം. കേരളം നെഗറ്റീവിസത്തിന്റെ പടുകുഴിയിലാണ്. എതിര്‍ക്കുന്നവനെ അംഗീകരിക്കുന്ന, ശത്രു എന്ന പദം ഇല്ലാത്ത സര്‍ഗാത്മകതയാണ് ജനാധിപത്യം. പക്ഷെ എതിര്‍ക്കുന്നവനെ ശത്രുവായി കണ്ടുള്ള കേരളത്തിന്റെ പ്രയാണം എങ്ങോട്ടാണെന്ന് ചിന്തിക്കണം. പോസിറ്റീവിസത്തിലേക്ക് കേരളം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകായിരുന്ന കെ. ഭാസ്‌കര്‍ റാവുവിന്റെ ചിത്രത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി. ഹിന്ദുധര്‍മ പരിഷത്തിന്റെ ആറാമത് ആര്‍ഷധര്‍മ പുരസ്‌കാരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസിന് ഗവര്‍ണര്‍ സമ്മാനിച്ചു.
ദേവശില്‍പി ഡോ. മുരുകേശന്‍ കന്യാകുമാരി, ആഴിമല ശിവക്ഷേത്രം മേല്‍ശാന്തി ജേ്യാതിഷ് പോറ്റി, ഗായകന്‍ ശ്രീകുമാര്‍ ജി. മാവേലിക്കര, ആദ്യത്തെ രജിസ്‌റ്റേര്‍ഡ് ആര്‍ട്ട് ക്ലിനിക് ഉടമ ഡോ. അനുപമ, വ്യാസ വിദ്യാപീഠം സ്ഥാപക അംഗം സി.എന്‍. വിജയന്‍, കവി ആര്യനാട് സുഗതന്‍, പാചക വിദഗ്ധന്‍ എ.എസ്. ശ്രീകണ്ഠന്‍ നായര്‍, അഖിലേഷ് ശ്രീകുമാര്‍ എന്നിവര്‍ക്കുള്ള ആദരവും ഗവര്‍ണര്‍ സമ്മാനിച്ചു.
ജയശ്രീ ഗോപാലകൃഷ്ണന്‍ അധ്യക്ഷയായി. കുരുക്ഷേത്ര എംഡി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ധര്‍മപരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍, ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ വി. സുധകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ, നിഷാന്ത് സുഗുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post