പത്തനംതിട്ട: ഭൂരഹിതരായ നാല് കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി പന്തളം കുളനട സേവാഭാരതി. വീട് വയ്‌ക്കാനായി സേവാഭാരതി മുന്‍കൈയെടുത്ത് കൈമാറിയത് 25 സെന്റ് ഭൂമി.
കുളനട ഞെട്ടൂര്‍ മനു ഭവനില്‍ സഹോദരങ്ങളായ മാധവന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗണേശന്‍ നായര്‍ എന്നിവരാണ് നിര്‍ധനര്‍ക്ക് വീട് വയ്‌ക്കാന്‍ സൗജന്യമായി ഭൂമി നല്കാന്‍ സന്നദ്ധത അറിയിച്ചത്. ഈ ദൗത്യം സേവാഭാരതിയെ ഏല്‍പ്പിച്ചു. പ്രദേശത്ത് സ്വന്തമായി ഭൂമി ഇല്ലാത്തതിന്റെ പേരില്‍ വീട് അന്യമായ നാല് കുടുംബങ്ങളെ സേവാഭാരതി കണ്ടെത്തി ഭൂമി കൈമാറി. നാലു കുടുംബങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു.
കുളനട ദേവീക്ഷേത്ര മൈതാനിയില്‍ സേവാഭാരതി പ്രസിഡന്റ് ജി. സന്തോഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
സേവാഭാരതിയുടെ ശബരിമലയിലെ സേവന പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ശബരിമല തിരുവാഭരണ വാഹകനായ ഭാസ്‌കര കുറുപ്പ് (ഓമനക്കുട്ടന്‍ സ്വാമി), ഭൂമി അളന്നു തിരിച്ച് രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍ സൗജന്യമായി തയാറാക്കിയ ലാന്‍ഡ് മാര്‍ക്ക് എന്‍ജിനീയറിങ് സൊല്യൂഷന്‍ ഉടമ ബിനീഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, സേവാഭാരതി രക്ഷാധികാരി സി.എന്‍. ഹരികുമാര്‍, സെക്രട്ടറി കെ.ആര്‍. സുജിത്ത്, ഖജാന്‍ജി അരുണ്‍ കുമാര്‍ പി.എന്‍., മീഡിയ കോ- ഓര്‍ഡിനേറ്റര്‍ സോമന്‍ കെ.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post