കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ നാടകം പ്രതിഷേധാർഹമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള തീരുമാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മറ്റു ഇടതുപക്ഷ അംഗങ്ങളും ചേർന്ന് അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്തോടും ജുഡീഷ്യറിയോടുമുള്ള അപരാധവും വെല്ലുവിയുമാണ്. വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കേണ്ട യോഗത്തിൽ ചാൻസിലറായ ഗവർണറുടെ നിർദ്ദേശമോ അനുവാദമോ ഇല്ലാതെ അധ്യക്ഷത വഹിച്ചതും വിസിയെ തൻ്റെ കർത്തവ്യനിർവഹണത്തെ തടസ്സപ്പെടുത്തിയതും മന്ത്രി ആർ ബിന്ദു നടത്തിയ അധികാര ദുർവിനിയോഗമാണ്.
സർവ്വകലാശാല സ്ഥിരം വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിയമിക്കാനുള്ള യോഗത്തിൽ മന്ത്രിയുടെ അനാവശ്യമായ ഇടപെടൽ സർവ്വകലാശാലയുടെ സ്വയം ഭരണത്തെ ഖണ്ഡിക്കുന്നതാണ്. സേർച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനുള്ളിൽ സർവ്വകലാശാല പ്രതിനിധികളെ നൽകണമെന്നുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് സർവകലാശാല ചാൻസിലറായ ഗവർണർ സർവ്വകാലാശാലകളോട് സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ടത്. ഈ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മാതൃകാപരമായി സെനറ്റ് യോഗം ചേരുവാനും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുവാനും വൈസ് ചാൻസിലർ മുൻകൈ എടുത്തത്. ഈ പ്രവർത്തനത്തെ അട്ടിമറിക്കുവാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മറ്റു ഇടതുപക്ഷ സംഘടനയിൽ നിന്ന് സിൻഡിക്കേറ്റിലേക്കും സെനറ്റിലേക്കും എത്തിയവരും സെനറ്റുയോഗം അലങ്കോലപെടുത്തിയത് കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് നാണക്കേടാണ്. ഇത്തരത്തിൽ സ്വജനപക്ഷപാതത്തിന് ഊന്നൽ കെടുത്തുകൊണ്ട് ഇടതുപക്ഷ സർക്കാർ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾ ആണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നത്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുവാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത്തരം നിലവാരം കുറഞ്ഞ നാടകങ്ങൾക്ക് നേതൃത്വം നൽകുകയാണെങ്കിൽ മന്ത്രിയെ തെരുവിൽ തടയുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post