സഹനത്തിന്റെയും അതിജീവനത്തിന്റെയും സ്മരണയുണർത്തുന്ന ഉയർപ്പിന്റെ ദിനത്തിൽ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസ്സിയെ ആദരിച്ച് തപസ്യ. തപസ്യ തിരുവല്ല നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലെസ്സിയുടെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ബ്ലെസ്സിയെ പൊന്നാട അണിയിച്ചു.
ആടുജീവിതം സിനിമ ഇറങ്ങിയതിനു ശേഷം ആദ്യമായി കിട്ടിയ ആദരവാണ് തപസ്യയുടെതെന്ന് ബ്ലസി പറഞ്ഞു. ജാതി,മത, വർഗ്ഗ, വർണ്ണ, രാഷ്ട്രീയം വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് തപസ്യ. കലാകാരന്മാരെയും കലാസൃഷ്ടികളെയും എന്നും ആദരിക്കുന്ന സംഘടന. തപസ്യയുടെ സഹയാത്രികനാണ് ഞാൻ എന്നും അദ്ദേഹം പറഞ്ഞു.
ഏറെ ബുദ്ധിമുട്ടി, ത്യാഗം സഹിച്ച് എടുത്ത സിനിമയ്ക്ക് പ്രത്യാശയുടെ ഉയർപ്പിന്റെ ദിനമായ ഈസ്റ്റർ നാളിൽ കിട്ടിയ ആദരവ് വിലമതിക്കാനാവാത്തതാണ്. ലോകമെമ്പാടും രണ്ടായിരത്തോളം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു മലയാളം സിനിമയ്ക്ക് ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത്. ഏറെ ബഹുമാനിക്കുന്ന രാജേട്ടന്റെ കയ്യിൽ നിന്നും ഇങ്ങനെയൊരു ആദരവ് കിട്ടിയത് ഒത്തിരി സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലൂടെ ബ്ലസ്സി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് കുമ്മനം രാജശേഖരൻ ആശംസിച്ചു. സംസ്ക്കാർ ഭാരതി ക്ഷത്രിയ കാര്യദർശി തിരൂർ രവീന്ദ്രൻ , തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം, രംഗനാഥ് കൃഷ്ണ,നിരണം രാജൻ, ശ്രീദേവി മഹേശ്വർ, കളരിയ്ക്കൽ ശ്രീകുമാർ, ഹരിഗോവിന്ദ്, കെ.ബി.മുരുകേഷ്, ചന്ദ്ര മോഹൻ, പ്രകാശ് കോവിലകം, സന്തോഷ് ചാത്തങ്കേരി, കെ.പി.രഘുകുമാർ അജിത്ത് പിഷാരത്ത് എന്നിവർ സംസാരിച്ചു.
Discussion about this post