കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹമരണം അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. വയനാട്ടിലെത്തിയ സിബിഐ സംഘം കൽപ്പറ്റ ഡിവൈഎസ്പിയുമായി ആശയവിനിമയം നടത്തി. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ചത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം പൂർത്തിയായതിന് പിന്നാലെ കേസന്വേഷണം സിബിഐക്ക് കൈമാറിയെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.
കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറാൻ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വൈകിയതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ക്ലറിക്കൽ ജോലികൾ മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും ഇത് പൂർത്തീകരിക്കാൻ എന്തുകൊണ്ട് വൈകിയെന്നും ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയായിരുന്നു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയിരുന്നത്. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിന്റെ സിദ്ധാർത്ഥിന്റെ അച്ഛൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ.
പൂക്കോട് സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കോളേജിനുള്ളിൽ ക്രൂര മർദനത്തിന് ഇരയായതിന് പിന്നാലെ മരിക്കുകയായിരുന്നു. ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിയെ കെട്ടിത്തൂക്കിയതാണെന്ന ആരോപണവും ഉയർന്നിരുന്നു. എസ്എഫ്ഐ നേതാക്കൾ യുടേത് അടക്കമുള്ളവരുടെ അതിക്രൂര മർദനത്തിനും വിചാരണയ്‌ക്കും ഒടുവിലായിരുന്നു സിദ്ധാർത്ഥിന്റെ ദുരൂഹമരണം.
Discussion about this post