തൃപ്പൂണിത്തുറ: ശാരീരിക അവശതകളെല്ലാം മറന്ന് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയം കൈവരിച്ച തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷി എന്‍. നവീന്‍ എന്ന മിടുക്കിക്ക് മെമ്പര്‍ഷിപ് നല്‍കിക്കൊണ്ട് എബിവിപി സംസ്ഥാനതല മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എം. വിഷ്ണു സന്നിഹിതനായിരുന്നു.
85 ശതമാനം ലോക്കോ മോട്ടോ ഡിസെബിലിറ്റിയുള്ള മീനാക്ഷി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നേരത്തെ എല്‍എസ് എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ മീനാക്ഷി ജില്ലയില്‍ നിന്ന് യുഎസ്എസ് സ്‌കോളര്‍ഷിപ്പില്‍ ഏറ്റവും അധികം മാര്‍ക്ക് വാങ്ങിയ കുട്ടികളില്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ആയി പ്രത്യേക കോച്ചിങ്ങിന് തൃപ്പൂണിത്തറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഠനത്തിലെന്ന പോലെ കലാപരമായ മികവും മീനാക്ഷി തെളിയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൃത ടിവിയിലെ ശ്രേഷ്ഠ ഭാരതത്തില്‍ ഭഗവത്ഗീത അവതരിപ്പിച്ചിട്ടുണ്ട് ഈ മിടുക്കി. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം മുന്‍ അധ്യക്ഷനും ജില്ലാ കമ്മിറ്റി അംഗവുമായ നവീന്‍ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലറുമായ ശോണിമ നവീന്റെയും മകളാണ് മീനാക്ഷി. നാലാം ക്ലാസില്‍ പഠിക്കുന്ന മാധവ് സഹോദരനാണ്.
Discussion about this post